എറണാകുളം: വളന്തകാട് ദ്വീപില്‍ ആരംഭിക്കുന്ന ഉത്തരവാദ ടൂറിസം പദ്ധതി ദ്വീപ് ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് എം. സ്വരാജ് എം.എല്‍എ. മരട് വളന്തകാട് ദ്വീപിലെ ഉത്തരവാദ ടൂറിസം അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നേട്ടം ദ്വീപിന്റെ വികസനത്തിന് ഏറെ ഉപകാരപ്പെടും.

വളന്തകാട്ടിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു നടപ്പാതയും പാലവും. പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാതയും പൂര്‍ത്തിയാകും. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടൊപ്പം ടൂറിസം പ്രവര്‍ത്തനങ്ങളും യാര്‍ഥ്യമാകുന്നതോടെ വലിയ മാറ്റമാകും ദ്വീപ് നിവാസികള്‍ക്കുണ്ടാകുക. വരുമാനം വര്‍ധിക്കും. ദ്വീപിലെ മനുഷ്യജീവിതം മാറുന്ന നാഴികയായി ഇതിനെ കണക്കാക്കുന്നു. ദ്വീപിന്റെ തനിമ നിലനിര്‍ത്തിയാകും ടൂറിസം പദ്ധതികള്‍ നടപ്പാക്കുക. വിനോദ സഞ്ചാര രംഗത്ത് വലിയ സംഭാവനയാണ് നമ്മുടെ സംസ്ഥാനം നല്‍കിവരുന്നത്.

ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും കേരളത്തിലെത്തുന്നു. ഭൂപ്രകൃതിയും ജീവിതവും കൃഷിയും കാലാവസ്ഥയുമാണ് കേരളത്തിന്റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് ഏറെ സാധ്യതകളുള്ള വളന്തകാടില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഉത്തരവാദ ടൂറിസം നയത്തിന്റെ ഭാഗമായി 99.90 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഭരണാനുമതി നല്‍കിയത്. 50 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഫ്‌ളോട്ടിംഗ് ടൂറിസ്റ്റ ഫെസിലിറ്റേഷന്‍ സെന്റര്‍, ബോട്ട്‌ജെട്ടി, നടപ്പാത തുടങ്ങിയവയാണ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നത്. 12 മാസമാണ് പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി. ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഓണ്‍ലൈനായി പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ രതി ദിവാകരന്‍, ഡിടിപിസി സെക്രട്ടറി എസ്. വിജയകുമാര്‍, ടൂറിസം വകുപ്പ ജോയിന്റ് ഡയറക്ടര്‍ എ. ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആര്‍. റെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.