ബേക്കല്‍ കോട്ടയില്‍ എത്തുന്ന സഞ്ചാരികൾക്ക് ഇനി ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ആസ്വദിക്കാം.

ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണ്‍ എറ്റ് ലൂമിയര്‍ ഉപയോഗിച്ചുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. നാലു കോടി രൂപയാണ് ചെലവ്.

നാടിന്റെ ചരിത്രവും സംസ്‌ക്കാരവും ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ അവതരിപ്പിക്കാന്‍ കഴിയും. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നു എന്ന പരാതിക്കും പരിഹാരമാകും.

പദ്ധതി യാഥാർത്ഥ്യമാക്കാന്‍ പ്രൊഫസര്‍ സി. ബാലന്‍, ഡോ. ശിവദാസന്‍ എന്നിവരുടെ കൃതികളും ബാഹുബലി ഉള്‍പ്പെടെയുള്ള മെഗാ സിനിമകളുടെ തിരക്കഥാ കൃത്തായ വിജയപ്രസാദിന്റെ ടീമിന്റെ പ്രയത്നവും ഉണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് ശബ്ദം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
കോട്ട കൊത്തളങ്ങളെയും കോട്ടയിലെ വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കിമാറ്റി സന്ധ്യക്കാണ് ഷോ നടക്കുക.

ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍.