21 കടകൾ താത്കാലികമായി അടപ്പിച്ചു

സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു


തിരുവനന്തപുരം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന കർശനമാക്കിയതോടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പ്രതിദിനം ആയിരത്തിനുമേൽ കോവിഡ് ബാധിച്ചിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായത് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ കർശന പരിശോധനയുടെ ഫലം കൂടിയാണ്. ഒക്ടോബർ നാലു മുതലാണ് ജില്ലാ കളക്ടർ നിയോഗിച്ച 92 സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്.

സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ഇതുവരെയുള്ള പരിശോധനയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 1,475 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 465 സ്ഥാപനങ്ങൾക്കെതിരെയും കൃത്യമായി മാസ്‌ക് ധരിക്കാത്ത 311 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 194 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. സാനറ്റൈസർ, ജീവനക്കാർക്ക് മാസ്‌ക് എന്നിവ കൃത്യമായി ലഭ്യമാക്കാത്ത 189 സ്ഥാപനങ്ങൾ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 110 കടകൾ, അനധികൃതമായി കൂട്ടംകൂടിയ 133 പേർ, സെക്ഷൻ 144 ലംഘിച്ച 35 പേർ, പൊതുനിരത്തുകളിൽ തുപ്പിയ 20 പേർ, ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച എട്ടുപേർ, കണ്ടെയിൻമെന്റ് സോണുകളിൽ അനധികൃതമായി പ്രവർത്തിച്ച ആറു കടകൾ, രണ്ടു ചന്തകൾ, അനധികൃത യാത്ര നടത്തിയ രണ്ടുപേർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇന്നുമാത്രം (17 ഒക്ടോബർ) 607 നിയമനംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ 21 വ്യാപാര സ്ഥാപനങ്ങൾ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ താത്കാലികമായി അടപ്പിച്ചു. 81 പേരിൽ പേരിൽ നിന്നും പിഴ ഈടാക്കി. സെക്ഷൻ 144 ലംഘിച്ച ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു.

കാട്ടാക്കട, നേമം, പാറശ്ശാല, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങൾ, ജില്ലയിലെ വിവിധയിടങ്ങളിലെ മത്സ്യ ചന്തകൾ, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന കർശനമാക്കാൻ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം നഗരത്തിൽ പത്തു ഡിവിഷനുകൾക്ക് ഒരു സെക്ടറൽ മജിസ്‌ട്രേറ്റിനെ വീതമാണു നിയോഗിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റികളിൽ രണ്ടു വാർഡുകൾക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തിൽ ഒന്ന് എന്ന നിലയ്ക്ക് 73 പഞ്ചായത്തുകളിൽ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുന്നത്. ജനങ്ങൾ മികച്ച ജാഗ്രത തുടരണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.