എറണാകുളം :  കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനമായ ഇ -ഹെൽത്ത് വളരെ പെട്ടെന്ന് ചികിൽസ കിട്ടാൻ വഴി തുറക്കുമെന്നും ഇത് ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന ഇ- ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ- ഹെൽത്ത് പദ്ധതിക്കും തുടക്കമായത്.

കൊച്ചി സ്മാർട്ട് മിഷൻ്റെ ലോഗോയും ഔദ്യോഗിക വീഡിയോ പ്രകാശനവും കൊച്ചി മേയർ സൗമിനി ജെയിൻ നടത്തി. കൊച്ചി സ്മാർട്ട് മിഷൻ നിർമ്മിച്ച 1000 ഫേസ് മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ഹൈബി ഈഡൻ എം പി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെയ്ക്ക് നൽകി നിർവ്വഹിച്ചു.