കുടുംബശ്രീയുടെ മുന്നേറ്റത്തില്‍ പങ്ക് വഹിച്ച സ്ത്രീകളുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഓര്‍മപുസ്തകം തയ്യാറാക്കി. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലയിലാണ് ഓര്‍മപുസ്തകം തയ്യാറാക്കിയത്. കുടുംബശ്രീയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച 24 വനിതകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഓര്‍മപുസ്തകമാക്കിയത്. ആദ്യകാല സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഉദ്യോഗസ്ഥര്‍, സംരഭകര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. എഴുത്തുകാരിയും വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ സുനിത ഗണേശ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സൈതലവി അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജയന്തി നരേന്ദ്രന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.