– 3398 കിലോമീറ്റര്‍ നീളത്തില്‍ തോടുകള്‍ നവീകരിച്ചു
– 1859 കുളങ്ങള്‍ നിര്‍മിച്ചു; 432 എണ്ണം നവീകരിച്ചു

മഴക്കുഴികള്‍ തീര്‍ത്തും കിണറുകളും കുളങ്ങളും നവീകരിച്ചും മഴക്കൊയ്ത്തിന് തയാറെടുത്ത് ജില്ല. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതിയായ ജലശ്രീയുടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും ഭാഗമായി ജില്ലയില്‍ ഇതിനോടകം 48,077 മഴക്കുഴികളാണ് പൂര്‍ത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ഒരു മീറ്റര്‍ നീളത്തിലും വീതിയിലും 80 സെന്റീമീറ്റര്‍ താഴ്ചയിലുമാണ് മഴവെള്ളം കിനിഞ്ഞിറങ്ങുന്നതിനായി മഴക്കുഴികള്‍ തീര്‍ത്തിട്ടുള്ളത്.
സ്വകാര്യ-പൊതുസ്ഥലങ്ങളിലെ കൃഷിയിടങ്ങളിലായി 1,859 കുളങ്ങള്‍ നിര്‍മിച്ചു. 15 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും മൂന്നു മീറ്റര്‍ താഴ്ചയിലുമാണ് കുളങ്ങള്‍ നിര്‍മിച്ചത്. 3398 കിലോമീറ്റര്‍ നീളത്തില്‍ തോടുകളും ചെറുതോടുകളും കനാലുകളും നവീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. 3891 തോടുകളും ചെറുതോടുകളും കനാലുകളുമാണ് നവീകരിച്ചത്. 41 തോടുകളിലും ചെറുതോടുകളിലുമായി 11,946 ചെക്ഡാമുകള്‍ നിര്‍മിച്ചു. 100 സ്വകാര്യകുളങ്ങളും 332 പൊതുകുളങ്ങളും നവീകരിച്ചതായും 2048 കിണറുകള്‍ പുതുതായി നിര്‍മിച്ചു. 1139 കിണറുകളില്‍ റീച്ചാര്‍ജിങ് സംവിധാനമൊരുക്കി. പരമാവധി മഴവെള്ളം സംരക്ഷിച്ച് ഭൂമിയിലേക്ക് റീച്ചാര്‍ജ് ചെയ്തിറക്കുകയാണ് ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും വീടുകളില്‍ ജലസംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 52,469 വൃക്ഷത്തൈകള്‍ റോഡരുകുകളില്‍ നട്ടുപിടിപ്പിച്ചു. ഇതിന്റെ പരിപാലനവും പദ്ധതിയിലുടെ നിര്‍വഹിക്കുന്നു. ഒരാള്‍ക്ക് 50 വൃക്ഷത്തൈകളുടെ പരിപാലനമാണ് നല്‍കിയിട്ടുള്ളത്. പരിസ്ഥിതിദിനത്തില്‍ നടുന്നതിനായി 554 നഴ്‌സറികള്‍ വഴി 20 ലക്ഷം പ്ലാവ്, മാവ്, പേര, റമ്പൂട്ടാന്‍, പുളി അടക്കമുള്ള ഫലവൃക്ഷത്തെകള്‍ ഉത്പാദിപ്പിച്ചതായി തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. 1.96 ലക്ഷം സീഡ്‌ലിങ്‌സും ഉത്പാദിപ്പിച്ചു. ജലസംരക്ഷണവും ഭൂവികസനവുമടക്കമുള്ള പ്രവര്‍ത്തികള്‍ക്കായി ഇതുവരെ 140.35 കോടി രൂപ തൊഴിലുറപ്പു പദ്ധതിയിലൂടെ ചെലവഴിച്ചു. ഇതിലൂടെ 5.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ വ്യാപകമായി നടക്കുന്നു്. മഴവെള്ള സംഭരണമടക്കം ജലസംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവുമധികം പദ്ധതികള്‍ ജില്ലയിലാണ് നടക്കുന്നത്.