കായികരംഗത്ത് വലിയ മികവ് അവകാശപ്പെടാൻ കഴിയുന്ന ജില്ലയാണ് തൃശൂരെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ. അതുകൊണ്ട് തന്നെ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഈ മേഖലയ്ക്ക് നല്ല പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണപുരം പഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിഞ്ഞാറേ വെമ്പല്ലൂർ സ്റ്റേഡിയവും കളിസ്ഥലവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക വകുപ്പ് നിർമ്മിച്ച ഉന്നതനിലവാരമുള്ള നാല് സ്റ്റേഡിയങ്ങളിൽ രണ്ടെണ്ണം തൃശൂരിലാണ്. ലാലൂരിൽ ഐ എം വിജയന്റെ പേരിലുള്ള സ്റ്റേഡിയവും ജനുവരിയിൽ തുറക്കും. ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് കളിക്കളങ്ങളും സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സംരംഭമാണ് കയ്പമംഗലം നിയോജകമണ്ഡലത്തിലെ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്റ്റേഡിയം. സംസ്ഥാനത്തെ 14 ജില്ലാ സ്റ്റേഡിയങ്ങൾക്കും 44 പഞ്ചായത്ത് മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങൾക്കുമായി ആയിരം കോടി രൂപയോളം കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതിൽ 26 സ്റ്റേഡിയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. മറ്റ് നിർമാണ പ്രവൃത്തികളും വൈകാതെ ആരംഭിക്കും. ഈ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്ബോൾ ഗ്രൗണ്ടും 27 സിന്തറ്റിക് ട്രാക്കും 33 സ്വിമ്മിംഗ് പൂളും 33 ഇൻഡോർ സ്റ്റേഡിയങ്ങളുമാണ് നിലവിൽ വരിക. ദേശീയ-അന്തർദേശീയ മത്സരങ്ങൾ നടത്താൻ കഴിയുന്ന ഉന്നതനിലവാരത്തിലുള്ള കളിക്കളങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം പറഞ്ഞു.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ച് പഞ്ചായത്തിന്റെ 89 സെൻറ് സ്ഥലത്താണ് പി. വെമ്പല്ലൂർ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.മുള്ളൻ ബസാർ എസ് ബി കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ 10 രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ അധ്യക്ഷൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിതരണം ചെയ്തു.