സപ്ലൈകോയുടെ ഓൺലൈൻ സംരംഭമായ വാതിൽപ്പടി വിൽപന ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽപനശാലകളിൽ നിന്ന് അതേ വിലയിൽ വീടുകളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വാതിൽപ്പടി വിൽപ്പന ആരംഭിച്ചത്. തൃശൂർ പീപ്പിൾസ് ബസാർ, പെരുമ്പിള്ളിശ്ശേരി സൂപ്പർ മാർക്കറ്റ്, മണ്ണുത്തി സൂപ്പർ മാർക്കറ്റ്, ഒല്ലൂർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഈ സൗകര്യം നിലവിലുള്ളത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 21 കേന്ദ്രങ്ങളിലാണ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഓരോ സപ്ലൈകോ വിൽപനശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകരുടെ വിതരണ പരിധി, കൊടുക്കാവുന്ന പരമാവധി തൂക്കം, വിതരണത്തിന് ഈടാക്കാവുന്ന തുക എന്നിവ അവർക്ക് തീരുമാനിക്കാം. ഓരോ ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട സേവനം ലഭ്യമാക്കുന്ന സംരംഭകരുടെ മൊബൈൽ ആപ്ലിക്കേഷനുകൾ ‘ഗൂഗിൾ പ്ലേസ്റ്റോറി’ ൽ ലഭ്യമാണ്. വിശദാംശങ്ങൾക്കായി supplycokerala.com സന്ദർശിക്കുക.
