കൊച്ചി: കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് ആരംഭിച്ച കോടതികള്‍ ഇന്ന് അസൗകര്യങ്ങളുടെ കൂമ്പാരമാണ്. സംസ്ഥാനത്തെ സാമ്പത്തിക നില ഭദ്രമാകുന്നതു വരെ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് ദീര്‍ഘിപ്പിക്കാനാകില്ല. കോടതിയിലെത്തുന്നവര്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നു. കക്ഷികള്‍ക്കും ജീവനക്കാര്‍ക്കും ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ലാത്ത കോടതികളുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കു പോലും ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് വാസസ്ഥലം ഒരുക്കുന്ന കാര്യത്തിലും സംസ്ഥാനം ഏറെ പിന്നിലാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ല ജഡ്ജിയടക്കം താമസിക്കുന്നതിന് കെട്ടിടം നോക്കി നടക്കേണ്ട അവസ്ഥയാണുള്ളത്. ഈ വിഷയത്തില്‍ മുന്‍ഗണനാക്രമത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇതിനുള്ള മുന്‍ഗണനാക്രമം കോടതി തന്നെ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടതി സമുച്ചയങ്ങള്‍ കൂടി സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 12 കോടതി കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.
കോടതികളുടെ നവീകരണം, പശാചത്തല സൗകര്യ വികസനം എന്നിവയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കൂടാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള പ്രതിമാസ ധനസഹായം 5000 രൂപയാക്കി. വക്കീലന്മാരുടെ ക്ഷേമനിധി പത്ത് ലക്ഷമാക്കി. രാഷ്ട്രീയ അതിപ്രസരം ജുഡീഷ്യറിയയെയും ബാധിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തെറ്റും ശരിയുമല്ല കുറ്റവും ശിക്ഷയുമാണ് കോടതി വിധിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസ്യതയാണ് ജുഡീഷ്യറിയുടെ അന്തസെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കോടിതകളുടെ സൗകര്യങ്ങള്‍ വര്‍ധിക്കുന്തോറും ഔട്ട്പുട്ടും വര്‍ധിക്കണം. ഈ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി നടപടികളിലെ കാലതാമസത്തിന് പശ്ചാത്തല സൗകര്യങ്ങളുടെ പരിമിതി നിര്‍ണ്ണായക കാരണമാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ആമുഖ പ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, നിയമ മന്ത്രി എ.കെ. ബാലന്‍, എംഎല്‍എമാരായ അഡ്വ. വി.പി. സജീന്ദ്രന്‍, അഡ്വ. എല്‍ദോസ് കന്നിള്ളി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, എം.എ.സി.ടി. ജഡ്ജ് എസ്. നസീറ, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷ്‌റഫ്, മുന്‍ എംഎല്‍എ സാജു പോള്‍, പി ഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രൂ, എറണാകുളം ഡിസ്ടിക് ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത്, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എന്‍. അനില്‍കുമാര്‍, സെക്രട്ടറി അഡ്വ. അലക്‌സാണ്ടര്‍ കോശി, അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ബി. ശശിധരന്‍ പിള്ള, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.