എറണാകുളം: കോവിഡ് എത്തിയതോടെ അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒട്ടുമിക്കവയും കോവിഡ് നിയന്ത്രണങ്ങളോടെ തുറന്നു. കുഴുപ്പിള്ളി ,ചെറായി, മുനമ്പം ബീച്ചുകളും ഏഴാറ്റുമുഖം ഭൂതത്താൻകെട്ട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിച്ചു തുടങ്ങി. വിനോദസഞ്ചാരകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു നൽകിയെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് സമീപമുള്ള ചില കടകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഫോർട്ടുകൊച്ചിയിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടില്ല.
ഡിസ്ട്രിക് പ്രമോഷൻ കൗൺസിലിൻ്റെ
കീഴിലുള്ള ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം കഴിഞ്ഞ മാസം 17 മുതൽ സന്ദർശകർക്കായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖത്തെയും തൃശ്ശൂർ ജില്ലയിലെ തുമ്പൂർമുഴിയേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ഇവിടുത്തെ പ്രധാനപ്പെട്ട ആകർഷണമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സമയം ചെലവിടാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്ക് ഉല്ലാസത്തിനുള്ള വിനോദോപാദികളും ഇവിടെ ഒരുക്കിയിട്ടുണ്ട് . മുൻകൂട്ടി ബുക്കുചെയ്യുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് . www.dtpcezhattumugham.com എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ് . കോവിഡ് -19 പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം.
നെടുമ്പാറ ചിറ, പിറവം ആറ്റുതീരം തുടങ്ങിയ ചെറിയ ടൂറിസം കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. സഞ്ചാരികളെ മാടി വിളിക്കുന്ന നെടുമ്പാറ ചിറ പെരുമ്പാവൂരിൽ നിന്നും 17 കി.മീ. ദൂരത്തിൽ വല്ലം കോടനാട് റൂട്ടിൽ ആലാട്ടുചിറയക്ക് സമീപം നെടുമ്പാറയിലാണ്. ചിൽഡ്രൻസ് പാർക്ക്, നടപ്പാതകൾ,പെഡൽ ബോട്ട്,ഹട്ടുകൾ, വളർത്തു മത്സ്യങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രത്യേകത.