സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും കെട്ടിടോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു
നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജില്ലയിലെ അഞ്ച് സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും രണ്ട് സ്കൂള്‍ കെട്ടിടോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും സര്‍ക്കാരിന്റെ മറ്റു മിഷനുകളും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമെന്ന് പ്രതീക്ഷിച്ചവരുടെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചത്. നാലര വര്‍ഷം മുമ്പ് വരെ ഇല്ലായ്മയുടെ കഥകള്‍ മാത്രം പറഞ്ഞിരുന്ന പൊതു വിദ്യാലയങ്ങളില്‍ ഇന്ന് അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ വര്‍ധനവുണ്ടായി. സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ പരിപാടിയുടെ ഭാഗമായി 125 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കുതിച്ചു ചാട്ടത്തിന്റെ തെളിവാണിത്. മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തി. സ്കൂളുകള്‍ക്കായി ഇത്രയധികം കെട്ടിടങ്ങള്‍ ഒറ്റയടിക്ക് നിര്‍മിക്കുന്നത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി നിര്‍മ്മിച്ച 46 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ജില്ലയില്‍ മലപ്പട്ടം എ കെ എസ് ജി എച്ച് എസ് എസ്, മുഴപ്പിലങ്ങാട് ജിഎല്‍പി സ്കൂള്‍ എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചാവശ്ശേരി ജി എച്ച് എസ് എസ്, വലിയ മാടാവില്‍ ഗവ. യു പി സ്കൂള്‍, കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ സ്പോര്‍ട്സ് സ്കൂള്‍, മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസ്, മാലൂര്‍ ജിഎച്ച്എസ്എസ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും നടന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ എ സി മൊയ്തീന്, പി തിലോത്തമന്, വി എസ് സുനില്‍കുമാര്‍, രാമചന്ദ്രന് കടന്നപ്പളളി, ഇ പി ജയരാജന്, എ കെ ബാലന്, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കെ കൃഷ്ണന്‍കുട്ടി, എം പിമാരായ കെ സുധാകരന്, കെ കെ രാഗേഷ്, എം എല്‍ എമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന് എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്പോര്‍ട്സ് സ്കൂളില്‍ കെ കെ രാഗേഷ് എം പി ശിലാസ്ഥാപനം നിര്‍വഹിച്ചു. 15 കോടി രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 4.21 കോടിയുടെ കെട്ടിടത്തിനാണ് തറക്കല്ലിട്ടത്. അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് ക്ലാസ്സ് മുറികള്‍, ആധുനിക രീതിയിലുള്ള ജിംനേഷ്യം, ലാബ്- ലൈബ്രറികള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, മിനി സ്റ്റേഡിയം, ടോയ്ലറ്റ് സമുച്ചയം എന്നിവ ഉള്‍പ്പെടെ പൂര്‍ണ്ണ സജ്ജമായ ഒരു കാമ്പസ്സിനാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച നാലരക്കോടിയുടെ പണികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ലിഫ്റ്റ് സൗകര്യം ഉള്‍പ്പടെയുള്ള മൂന്നു നില കെട്ടിടത്തിന്റെ പണിയാണ് തുടര്‍ന്ന് നടക്കുക. ക്ലാസ് മുറികള്‍ക്കു പുറമേ ഇ ലൈബ്രറി, മള്‍ട്ടി ജിംനേഷ്യം, വിവിധ ലാബുകള്‍ എന്നിവ ഈ കെട്ടിടത്തില്‍ സജ്ജീകരിക്കും. കാമ്പസ് സൗന്ദര്യ വല്‍ക്കരിക്കുന്നതിന് ഒരു കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മൂന്നര ഏക്കര്‍ വിസ്തൃതിയുള്ള സ്കൂള്‍ വളപ്പ് വിവിധ തരത്തിലുള്ള ചെടികള്‍, വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഹരിതകാമ്പസ് ആക്കി മാറ്റുകയാണ് ലക്ഷ്യം. സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് 90 ലക്ഷം രൂപ ഉപയോഗിച്ച് ഇരുനില കെട്ടിടവും 9.5 മറ്റൊരു കെട്ടിടവുമാണ് മുഴപ്പിലങ്ങാട് ഗവ. എല്‍ പി സ്കൂളില്‍ നിര്‍മിച്ചിരിക്കുന്നത്. ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ.യു പി സ്കൂളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് നിര്‍മാണം.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സി സീനത്ത്, എ എന്‍ ഷംസീര്‍ എം എല്‍ എ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്, തലശ്ശേരി നഗരസഭാധ്യക്ഷന്‍ സി കെ രമേശന്, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ്, കോര്പ്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീന്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്ക്, ബാബു ഗോപിനാഥ്, ഹെഡ്മാസ്റ്റര് പ്രദീപന് നരോത്ത്, സ്റ്റാഫ് സെക്രട്ടറി ടി വി മധു, കണ്ണൂര്‍ ഡിഇഒ പിപി സനകന്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
