തിരുവനന്തപുരം: ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുന്നത് വരണാധികാരികളാണ്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കമ്മിഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളും കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്ടറും സത്യപ്രതിജ്ഞയുടെ ചുമതല വഹിക്കും.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരിക്കു മുന്‍പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞയെടുക്കണം. ഇദ്ദേഹമായിരിക്കും തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.
ത്രിതല പഞ്ചായത്തുകളില്‍ രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കുക. ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണറും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ കളക്ടറും സത്യപ്രതിജ്ഞയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.
ചടങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം, ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.