കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്കും പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിനും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബ സമ്മാനിച്ചു. കേന്ദ്ര ക്വാളിറ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള ദേശീയതല പരിശോധനയുടെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നത്.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ഫാര്‍മസി, ഒ പി, ലാബ് സൗകര്യം, പാലിയേറ്റീവ്‌കെയര്‍, ദേശീയ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പ്, ആരോഗ്യസേവനങ്ങള്‍, പൊതുസംവിധാനങ്ങള്‍ തുടങ്ങി വിവിധ തലത്തിലുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത് ലഭിക്കുന്നത്. 2013ല്‍ കെഎഎസ്എച്ച് അക്രഡിറ്റേഷനും, 2015ല്‍ എന്‍എബിഎച്ച് അക്രഡിറ്റേഷനും 2016ല്‍ എന്‍ക്യുഎഎസ് അക്രഡിറ്റേഷനും ലഭിച്ച ആശുപത്രിയാണ് പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രം. എറണാകുളം ജനറല്‍ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരമുള്‍പ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്.