കൊച്ചി: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജി  എ എം .ബഷീറിന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാ പരിധിയിലുള്ള   ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍  പരിശോധന നടത്തി .       എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പിഎന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഉള്ള ജില്ലാ ഹെല്‍ത്ത് സ്‌ക്വാഡും തൊഴില്‍ വകുപ്പും കേരള പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
പല ക്യാമ്പുകളിലും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പലതും വൃത്തിഹീനവും ആവശ്യത്തിന് ശുചി മുറികള്‍ ഇല്ലാത്തതും കുടിവെള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും ശരിയായ  മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതുമാണ്. ആകെ നാലു ക്യാമ്പുകള്‍ സംയുക്ത പരിശോധന സ്‌ക്വാഡ്  പരിശോധിക്കുകയും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു ക്യാമ്പ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു .
കൂടാതെ ആരോഗ്യവകുപ്പിന്റെ ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 21)  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി  ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 1537 കെട്ടിടങ്ങളില്‍ പരിശോധന നടത്തി. മലമ്പനി സാധ്യതാപരിശോധനയ്ക്കായി 162 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും മൂന്ന് കെട്ടിടങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്കുകയും ചെയ്തു. ജില്ലയിലെ 231 ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും വിവിധ പരിശോധനകളില്‍ പങ്കെടുത്തു