തൃശൂര്‍: സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തൊഴിൽ രംഗത്തെ ഉത്പാദനക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിനാണ് അംഗീകാരം നല്‍കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ഥ മേഖലകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ സംസ്ഥാന, ജില്ലാ, മേഖലാ തലങ്ങളിലുള്ള അഭിമുഖ പരീക്ഷയിലൂടെയാണ് കണ്ടെത്തുന്നത്.
തൊഴില്‍ സംബന്ധമായ നൈപുണ്യം, അറിവ്, അച്ചടക്കം, കൃത്യനിഷ്ഠ, സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം, ഉപഭോക്താക്കളോടുള്ള പെരുമാറ്റം, ക്ഷേമപദ്ധതികളോടുള്ള സമീപനം, കലാകായിക മേഖലയിലെ മികവ്, സാമൂഹിക പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തം, ശുചിത്വബോധം, വിദ്യാഭ്യാസ യോഗ്യത, തൊഴിലില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പ്പര്യം, കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള സദ്ധത, തൊഴില്‍ നിയമങ്ങളിലുള്ള അവബോധം എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മികച്ച തൊഴിലാളിയെ തെരെഞ്ഞടുക്കുന്നത്..
മാനദണ്ഡങ്ങള്‍ പ്രകാരം ഒരു തൊഴിലാളിയോടൊപ്പം വിവിധ നിലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളുടെയും തൊഴിലുടമയുടെയും അഭിപ്രായം കണക്കിലെടുക്കും.
തൊഴിലാളി സ്വയം പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ചോദ്യാവലിയുടെ മാര്‍ക്ക്, തൊഴിലുടമയും തൊഴിലാളി യൂണിയനുകളും പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ചോദ്യാവലിയുടെ മാര്‍ക്ക് എന്നിവയ്ക്കൊപ്പം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി രേഖപ്പെടുത്തുന്ന മാര്‍ക്കും പരിഗണിച്ചാണ് തൊഴിലാളിയെ അഭിമുഖ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നത്. നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിൽ, നിര്‍മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ്, നഴ്‌സ്, ടെക്‌സ്റ്റൈല്‍, ഗാര്‍ഹിക ജോലി, ആഭരണനിർമാണം എന്നിങ്ങനെ പതിമൂന്ന് തൊഴില്‍ മേഖലകളിൽ നിന്ന് അംഗീകാരത്തിന് അര്‍ഹനായ തൊഴിലാളിയെ കണ്ടെത്തും.