കോട്ടയം: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റർ ഉദ്ഘാടനം ചെയ്തു

ദുരന്തനിവാരണത്തില്‍ മാതൃകയായി വളരുന്നതിന് കേരളത്തിന് കരുത്തായത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്കുന്ന പിന്തുണയാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ നിരവധി ദുരന്ത സാഹചര്യങ്ങളെ വിജയകരമായി നേരിടാന്‍ സംസ്ഥാനത്തിന് സാധിച്ചു. സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്കൊപ്പം തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അഭിമുഖീകരിക്കാനാകുമെന്ന വ്യക്തമായ ബോധ്യം ഇന്ന് അവര്‍ക്കുണ്ട്.

പ്രതിസന്ധി ഘട്ടങ്ങളെ ഒന്നൊന്നായി നേരിടാനും ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനും സര്‍ക്കാരിന് സാധിച്ചു. ജില്ലകളില്‍ വിപുല സൗകര്യങ്ങളുള്ള അടിയന്തരഘട്ട നിര്‍വ്വഹണ കേന്ദ്രങ്ങള്‍ സജ്ജമാകുന്നത് നമ്മുടെ ജാഗ്രതാ സംവിധാനത്തിന് മുതല്‍ക്കൂട്ടാകും- മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി. അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എം. അഞ്ജന, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഹസാര്‍ഡ് അനലിസ്റ്റ് അതുല്യ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.