തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ ചിതാഭസ്മം ചെറുമകന്‍ ദേവദേവന്‍ അരുവിപ്പുറം ക്ഷേത്ര പരിസരത്ത് നെയ്യാറില്‍ നിമഞ്ജനം ചെയ്തു. ചിതാഭസ്മം നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ രാവിലെ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സൈക്കിള്‍ റാലിയുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ അരുവിപ്പുറത്ത് നിമഞ്ജനം ചെയ്തത്. കെ. ആന്‍സലന്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ. രാജ്‌മോഹന്‍ എന്നിവര്‍ പൊതുദര്‍ശന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിമഞ്ജനത്തിന് ശേഷം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ ക്ഷേത്ര പരിസരത്ത് അരയാല്‍ തൈ നട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഗതകുമാരി ടീച്ചര്‍ നട്ട മുളയുടെ അരികിലായാണ് അരയാലും നട്ടത്.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. കവി വിനോദ് വൈശാഖി അധ്യക്ഷത വഹിച്ചു. അമാസ് സൊസൈറ്റി ഡയറക്ടര്‍ പി. രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. യുവ കവി സുമേഷ് കൃഷ്ണന്‍ ടീച്ചറുടെ കവിതകള്‍ ആലപിച്ചു. മറ്റ് ജനപ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.