ഇനി ഞാന്‍ ഒഴുകട്ടെ കാമ്പയിന്‍ മൂന്നാം ഘട്ടത്തിന് തുടക്കം

കോട്ടയം:  കാണക്കാരി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ സുലഭമായി വെള്ളമെത്തിച്ച് തെന്നാട്ടു പടി തോട് വീണ്ടും കർഷകര്‍ക്ക് ആശ്വാസമേകും. മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ ഈ തോടിനെ ആശ്രയിച്ചാണ് കാണക്കാരി പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിയുടെ നിലനില്പ്. വശങ്ങൾ ഇടിഞ്ഞും മണ്ണും ജൈവാവശിഷ്ടങ്ങളും നിറഞ്ഞ് നീരൊഴുക് തടസപ്പെട്ടും കിടന്ന സ്ഥിതിയില്‍നിന്നാണ് ഹരിത കേരളം മിഷന്‍ തോടിനെ പുനരുജ്ജീവിപ്പിക്കുന്നത്.

ജലസ്രോതസുകളുടെ വീണ്ടെടുപ്പ് ലക്ഷ്യമിടുന്ന ഇനി ഞാൻ ഒഴുകട്ടെ കാമ്പയിന്‍റെ മൂന്നാം ഘട്ടത്തിന് തുടക്കംകുറിച്ചായിരുന്നു ശുചീകരണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു മനോജ് അധ്യക്ഷത വഹിച്ചു. .

ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, ദാരിദ്ര ലഘൂകരണ വിഭാഗം അസിസ്റ്റൻ്റ് പ്രോജക്ട് ഓഫിസർ ജെ .പ്രമീള കുമാരി, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ആര്‍.സുശീല, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെൻ്റൽ അസിസ്റ്റൻ്റ് എൻജിനീയർ സിമി ദാസ് എം.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.