കൊല്ലം: കടല്‍ വിഭവങ്ങളുടെ വൈവിധ്യം തേടിയെത്തുന്നവര്‍ക്ക് ഇനി തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ രുചിയുടെ കലവറയാകും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ച തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

മത്സ്യമേഖലയിലെ സ്ത്രീകളുടെ ശാക്തീകരണമാണ് പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 48 തീരമൈത്രി റസ്റ്റോറന്റുകളാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന വിവിധ ഇടങ്ങളിലും തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ സ്ഥാപിക്കുന്നത് ആലോചനയിലുണ്ട് – മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ ചവറയിലെ മൈത്രി സീഫുഡ് റസ്റ്റോറന്റ് കൂടാതെ ആലപ്പാടാണ് മറ്റൊരെണ്ണം സ്ഥാപിക്കുന്നത്. ചടങ്ങില്‍ വിവിധ ജില്ലകളിലായി പൂര്‍ത്തിയായ പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും നടന്നു. ഇതോടൊപ്പം ചെറുകിട സംരംഭങ്ങള്‍, ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.