മലപ്പുറം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാളെ (മാര്‍ച്ച് എട്ട്) മുതല്‍ മാര്‍ച്ച് 10 വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രങ്ങളില്‍ നിന്നും വാക്സിന് സ്വീകരിക്കാം. ജോലി ചെയ്യുന്ന പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ ഏത് താലൂക്കിലാണോ ഉള്‍പ്പെടുന്നത് ആ താലൂക്കിലെ മെഗാ വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് ഉദ്യോഗസ്ഥര്‍ വാക്സീന് സ്വീകരിക്കേണ്ടത്.
നിലമ്പൂര്‍ താലൂക്കില്‍ ഗവ.മോഡല്‍ യു.പി സ്കൂള്‍, നിലമ്പൂരിലും ഏറനാട് താലൂക്ക് മഞ്ചേരി ടൗണ്‍ ഹാളിലും പെരിന്തല്‍മണ്ണ താലൂക്ക് അങ്ങാടിപ്പുറം നാരായണമേനോന് ഹാളിലും കൊണ്ടോട്ടി താലൂക്ക് കൊണ്ടോട്ടി താലൂക്കാശുപത്രിയിലും തിരൂര്‍ താലൂക്ക് ജില്ലാ ആശുപത്രി തിരൂരിലും തിരൂരങ്ങാടി താലൂക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ്. കോംപ്ലക്സിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും പൊന്നാനി താലൂക്ക് വെള്ളീരി മാസ് കമ്മ്യൂണിറ്റി ഹാളിലുമാണ് സജീകരിച്ചിട്ടുള്ളത്.
വാക്സിനേഷന് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തു എന്ന സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിച്ചവര്‍ വാക്സിനേഷന് കേന്ദ്രത്തിലെത്തി വാക്സിനേഷന് സ്വീകരിക്കണം. സന്ദേശം ലഭിച്ചിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട വാക്സിനേഷന് കേന്ദ്രത്തിലെത്തി മൊബൈല്‍ നമ്പര്‍ നല്കി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കി വാക്സിന് സ്വീകരിക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.