2011-2020 കാലഘട്ടം റോഡ് സുരക്ഷാദശകമായി യു.എന്‍ പൊതുസഭ പ്രഖ്യാപിച്ച തിന്റെയും റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയുടെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി സേഫ് കേരള പ്രോജക്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഇതിനായി 14 ജില്ലകളില്‍ 85 സ്‌ക്വാഡുകളിലേയ്ക്കായി ആര്‍ടി.ഒ.-10, എം.വി.ഐ-65, എ.എം.വി.ഐ-187 എന്നിങ്ങനെ ആകെ 262 പുതിയ തസ്തികകള്‍ ഗതാഗത വകുപ്പിന് കീഴില്‍ സൃഷ്ടിക്കും.
നിലവിലുള്ള 34 സ്‌ക്വാഡുകള്‍ക്ക് പുറമേ 51 പുതിയ സ്‌ക്വാഡുകളാണ് പ്രോജക്ടിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്നത്. കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രണ്ട് വീതവും മലപ്പുറത്ത് മൂന്നും മറ്റ് ജില്ലകളില്‍ നാല് വീതവും സ്‌ക്വാഡുകള്‍ രൂപീകരിക്കും.
പ്രോജക്ട് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ റോഡുകളില്‍ 24 മണിക്കൂര്‍ സമയവും പട്രോളിംഗ് ഏര്‍പ്പെടുത്തും.  അപകടത്തില്‍പ്പെടുന്നവരെ ഗോള്‍ഡന്‍ അവറിനുള്ളില്‍ തന്നെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിന് ഇതോടെ സാധ്യമാകും.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും, വാഹനഗതാഗത തടസങ്ങള്‍ നീക്കി സുഗമമായ ഗതാഗതം ഏര്‍പ്പെടുത്തുന്നതിനും കഴിയും.   കണ്‍ട്രോള്‍ റൂമുകളും ഏര്‍പ്പെടുത്തും.  2020 ആകുമ്പോള്‍ അപകട നിരക്ക് 50 ശതമാനം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാകും.