ഒരാഴ്ചയായി കുരുന്നുകളുടെ മനം കവര്‍ന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐ.സി.എഫ്.എഫ്.കെ 2018) ഇന്ന് (മെയ് 20) തിരശീല വീഴും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലായി ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായി സംഘടിപ്പിച്ച പരിപാടി എന്ന നിലയില്‍ കുട്ടികളുടെ വലിയ പങ്കാളിത്തമാണ് മേളയില്‍ അനുഭവപ്പെട്ടത്.
കുട്ടികളുടെ വൈജ്ഞാനിക, വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. അതിവൈകാരികതയ്ക്കും ദൃശ്യങ്ങളുടെ അതിഭാവുകത്വത്തിനുമപ്പുറം ഹൃദയസ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. സിനിമയെ നന്നായി മനസ്സിലാക്കാനും ആവിഷ്‌ക്കാര തലങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണുണ്ടായിരുന്നത്. മേളയോടനുബന്ധിച്ച് കൈരളി, ടാഗോര്‍ തിയേറ്ററുകളിലെ അങ്കണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു.
ചലച്ചിത്രമേളയില്‍ ഇന്ന്
കൈരളി 9.15 ദ വേള്‍ഡ് ഓഫ് അസ്(ഗായുന്‍ യോന്‍), 11.15 മംസ് റോങ്ങ്(മാര്‍ക്ക് ഫിറ്റൊസി), 2.00 ഫന്നീസ് ജേണി(ലോല ഡോയിലോണ്‍), ശ്രീ 9.30 ഹീറോ സ്റ്റെപ്‌സ്, 11.30 വിടരുന്ന മൊട്ടുകള്‍(പി.സുബ്രഹ്മണ്യം), 2.15 ബാലഡ് ഫ്രം ടിബറ്റ്(വെയ് സാംങ്), നിള 9.45 കുഞ്ഞുദൈവം(ജിയോ ബേബി), 11.45 മൈ ഫ്രെണ്ട് റാഫി(ആരന്റ് ആഗ്‌ദേ), 2.30 ദ കിഡ്(ചാര്‍ളി ചാപ്ലിന്‍). ടാഗോര്‍ 9.30 വൈല്‍ഡ് ബെറീസ്(ബാതുല്‍ മുക്താര്‍), 11.45 ദ പ്രോമിസ്(മുഹമ്മദ് അലി ടലിബി). കലാഭവന്‍ 9.30 അതിശയങ്ങളുടെ വേനല്‍(പ്രശാന്ത് വിജയ്), 11. 45 ദി ലിറ്റില്‍ വിച്ച്(മൈക്ക് ഷരീര്‍), 2.45 സ്റ്റാന്‍ലി കാ ഡബ്ബാ(അമോലി ഗുപ്ത).