ഇടുക്കി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഏത്രയുംവേഗം പ്രവേശനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി.ഇടുക്കി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചെറുതോണിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 തോടെ ഹോസ്റ്റല്‍ സമുചയത്തിന്റെ നിര്‍മ്മാണംകൂടി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മറ്റു പലയിടങ്ങളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യംകൂടി ഒരുക്കി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി 350 കോടിയിലധികം രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുക. അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയ ചുവടുവയ്പ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉദ്ഘാടനവേദിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച റോഷി അഗസ്റ്റ്യന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു .26 വര്‍ഷക്കാലമായി ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് ഇടുക്കി മെഡിക്കല്‍ കോളേജ് എന്നും മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തികുന്നതോടെ മലയോരജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി അത് മാറുമെന്നും എല്ലാ ന്യൂനതകളും പരിഹരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും മെഡിക്കല്‍ കോളേജില്‍ നടക്കുകയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജോയ്‌സ് ജോര്‍ജ് എം പി അഭിപ്രായപ്പെട്ടു.104 കോടി രൂപയോളം ചിലവവഴിച്ച് നിര്‍്മ്മിക്കുന്ന ഹോസ്റ്റല്‍ സമുചയത്തിന്റെ നിര്‍മ്മാണം ഉടന്‍തന്നെ അരംഭിക്കും.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താമസിക്കുന്നതിനുള്ള ഹോസറ്റല്‍,ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള കെട്ടിട സമുച്ചയമാണ് ഒരുക്കുക.ചെറുതോണിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍, ജില്ലാ മെഡിക്കല്‍ കോളേജ് സെപഷ്യല്‍ ഓഫീസര്‍ എം കെ അജയകുമാര്‍, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വട്ടപ്പാറ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി എസ് സുരേഷ് ,മുന്‍ എം എല്‍ എ കെ കെ ജയചന്ദ്രന്‍, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി.സന്തോഷ്, ഡെപ്യൂട്ടി പ്രൈവറ്റ് സെക്രട്ടറി ഡോ. കെ. ഗോപകുമാര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വിനു പി തോമസ് , മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പി പി മോഹനന്‍, ഡി എം ഒ ഡോ. പി കെ സുഷമ, ഡി പിഎം ഡോ. സുജിത് സുകുമാരന്‍, പി.കെ.ജയന്‍, കെ.#െല്‍. ജോസഫ്, സി.എം.അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.