പത്തനംതിട്ട: തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പാത കടന്നുപോകുന്ന 11 വില്ലേജുകളിലെയും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

തിരുവാഭരണ പാത കടന്നുപോകുന്ന വില്ലേജുകളിലേയും ഗ്രാമപഞ്ചായത്തുകളിലെയും വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും സംയുക്തമായി പാത പരിശോധിച്ച് കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കാന്‍ തിരുവല്ല, അടൂര്‍ ആര്‍ഡിഒമാരെ ചുമതലപ്പെടുത്തി. ആര്‍ഡിഒമാര്‍ എല്ലാ ആഴ്ചയും കൈയേറ്റം ഒഴിപ്പിക്കല്‍ പുരോഗതി വിലയിരുത്തണം. മേയ് മാസം അഞ്ചിന് ഉള്ളില്‍ അന്തിമ റിപ്പോര്‍ട്ട് ആര്‍ഡിഒമാര്‍ സമര്‍പ്പിക്കണം.

കൈയേറ്റം സംബന്ധിച്ച് തര്‍ക്കമുള്ള കേസില്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, താലൂക്ക് സര്‍വേയര്‍ എന്നിവര്‍ പരിശോധന നടത്തി പുറമ്പോക്ക് തിട്ടപ്പെടുത്തി സ്‌കെച്ച് സഹിതം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം. ഓരോ കേസുകളും പരിശോധിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി തീയതി സഹിതം വില്ലേജ് ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പി.ഡബ്ല്യൂ.ഡി റോഡിലെ തിരുവാഭരണ പാത കൈയേറ്റങ്ങള്‍ വകുപ്പ് തന്നെ ഒഴിപ്പിക്കണം. അളന്ന് തിട്ടപ്പെടുത്തിയ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കണം.

തിരുവാഭരണ പാതയിലെ ഒഴിപ്പിക്കുന്ന കൈയേറ്റങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഗ്രാമപഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും കമ്പിവേലി കെട്ടി തിരിക്കണം. ഇതിനായുള്ള തുക ഗ്രാമപഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കാം. തിരുവാഭരണ പാതയുടെ സംരക്ഷണ ചുമതല ദേവസ്വം ബോര്‍ഡിനാണ്. തിരുവാഭരണ പാത കടന്നുപോകുന്ന കോഴഞ്ചേരി താലൂക്കിലെ ആറു വില്ലേജുകളില്‍ 259 ഉം റാന്നി താലൂക്കിലെ അഞ്ചു വില്ലേജുകളില്‍ 115 ഉം കൈയേറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ പി. സുരേഷ്, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍കുമാര്‍, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, റാന്നി തഹസില്‍ദാര്‍ അന്നമ്മ കെ. ജോളി, കോഴഞ്ചേരി തഹസില്‍ദാര്‍ മിനി കെ. തോമസ്, മറ്റ് ഉദ്യോഗസ്ഥര്‍, തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതിനിധി പ്രസാദ് കുഴിക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.