ആലപ്പുഴ: രോഗികളുടെ സമ്പർക്ക വിവരങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി അടുത്തിടപഴകിയ സാഹചര്യത്തിൽ നിന്നാണ് കൂടുതൽ പേരും രോഗബാധിതരാകുന്നത് എന്നാണെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. അയൽവീടുകളിലും ബന്ധുഗൃഹങ്ങളിലും സന്ദർശനം നടത്തരുത്. ഒരു മതിൽകെട്ടിനുള്ളിലാണെങ്കിലും മറ്റ് ഗൃഹങ്ങൾ സന്ദർശിക്കരുത്, വീടുകളിൽ സന്ദർശകരെ അനുവദിക്കരുത്.
വീട്ടിലെ കുട്ടികൾ മറ്റ് കുട്ടികളുമായി ചേർന്നിടപെടുന്നതും കളിക്കുന്നതും അനുവദിക്കരുത്. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ പുറത്ത് പോകരുത്. ഡിക്ലറേഷൻ എഴുതി പുറത്ത് പോകാനുള്ള അനുമതി ഔചിത്യത്തോടെ ഉപയോഗിക്കുക. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ അവനവൻറേയും കുടുംബത്തിൻറെയും സുരക്ഷയാണ് ഉറപ്പിക്കുന്നത്. ഗൃഹചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ കിതപ്പ്, നെഞ്ചുവേദന, അതിയായ ക്ഷീണം, മയക്കം, ശ്വാസംമുട്ടൽ, കഫത്തിലും മൂക്കിലെ സ്രവത്തിലും രക്തം തുടങ്ങി ലക്ഷണങ്ങൾ സ്വയം നിരീക്ഷ ണ ത്തിലൂടെ തിരിച്ചറിഞ്ഞാൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഹെൽപ്പ് ഡെസ്‌ക്കിൽ വിളിച്ച് വാഹന സൗകര്യം ലഭ്യമാക്കി തൊട്ടുത്തുള്ള ട്രയാജ് സൗകര്യമുള്ള ആശുപത്രിയിലെത്തി ചികിത്സ തേടുക. കായംകുളം, ഹരിപ്പാട്, ചേർത്തല താലൂക്കാശുപത്രികൾ, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ട്രയാജ് സൗകര്യമുണ്ട്.മഴക്കാലത്ത് മാസ്‌കിൻറെ വൃത്തി പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞ മാസ്‌ക് ധരിക്കാതിരിക്കുക. കഴുകി ഉപയോഗിക്കുന്ന തുണി മാസ്‌ക് നന്നായി ഉണക്കി ഇസ്തിരി ഇട്ട ശേഷം മാത്രം ഉപയോഗിക്കുക. കോവി ഷീൽഡ് എടുത്തവർ ആദ്യഡോസ് കഴിഞ്ഞ് 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്.
കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്.