കണ്ണൂർ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ജില്ലാ റിസോഴ്‌സ് സെന്റര്‍ (ഡിആര്‍സി) പ്രവര്‍ത്തനമാരംഭിച്ചു. മേലെ ചൊവ്വയിലെ ക്യാപ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ഒരുക്കിയ സെന്റര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രാമു രമേഷ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുട്ടികള്‍ക്ക് റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ധ പരിചരണം, വ്യക്തിഗത ഇടപെടലുകള്‍ എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം.
കുട്ടികള്‍ക്കു വേണ്ടിയുള്ള വ്യക്തിഗത ഇടപെടലുകളായ മാനസിക ആരോഗ്യ വിദഗ്ധരുടെ സേവനം, നിയമസഹായം, കൗണ്‍സലിംഗ്, പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരുമായ കുട്ടികളെ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ തുടര്‍നടപടികളും, റഫറല്‍ സംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും ഏകോപിപ്പിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍ അധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ, സി ഡബ്ല്യു സി അംഗം സിസിലി ജോസഫ്, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, ഡി ആര്‍ സി പാനല്‍ അംഗം സുജാത, ഒ ആര്‍ സി പ്രൊജക്റ്റ് അസിസ്റ്റന്റ് ടി പി ഷമീജ, ക്യാപ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ സണ്ണി തോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.