ആധുനിക രീതിയില്‍ പണികഴിപ്പിച്ച കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ അതേ ചാരുതയോടെയും ശുചിയായും നിലനിര്‍ത്താന്‍ കുന്നംകുളം നഗരസഭ. ഇതിനായി ഹൗസ് കീപ്പിങ് രംഗത്ത് പ്രാവീണ്യമുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തി.
ജില്ലയിലെ മികച്ചതും നിര്‍മാണരീതി കൊണ്ട് ഏറെ മനോഹരവുമായ കുന്നംകുളം ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഹെര്‍ബര്‍ട്ട് റോഡില്‍ നഗരസഭ ടൗണ്‍ ഹാളിനോട് ചേര്‍ന്ന 4.33 ഏക്കറിലാണ് പണിതിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ മികച്ച ബസ് ടെര്‍മിനലുകളില്‍ ഒന്നായ കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.35 കോടിയും നഗരസഭ കുന്നംകുളത്തെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത 8.5 കോടിയും നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് 2 കോടിയിലേറെയും വകയിരുത്തിയാണ് നിര്‍മിച്ചത്. ആകെ 15.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്.

വലിയ തുക ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ബസ് സ്റ്റാന്‍ഡിന്റെ തനിമ അതേപടി നിലനിര്‍ത്തണമെന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഉദ്ഘാടനവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ ശുചീകരണത്തിന് പുതിയ സംവിധാനം ഒരുക്കിയത്. ഹൗസ് കീപ്പിങ് രംഗത്ത് പ്രാവീണ്യമുള്ള ആര്‍ബിയോണ്‍ ഇന്‍ഫ്ര സര്‍വ്വീസസ് എന്ന ഏജന്‍സിയാണ് ബസ് സ്റ്റാന്റ് ശുചീകരണം നടത്തുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബസ് സ്റ്റാന്റ് 24 മണിക്കൂറും ശുചിയായി പരിപാലിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളോടുകൂടിയ സംവിധാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഹൗസ് കീപ്പിങില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് ഇതിനായി ആര്‍ബിയോണ്‍ ഇന്‍ഫ്ര ജീവനക്കാരെ നിയമിച്ചിരിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡ് ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മനോഹരമായി നിര്‍മിച്ചിട്ടുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ശുചിയായി ഇരിക്കുന്നതിന് പൊതുജനങ്ങള്‍ നഗരസഭയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.