മലപ്പുറം : മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കടന്നു. 23.59 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) 4,032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,926 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 37 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 68 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1,948 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,52,780 ആയി. 72,205 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,555 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 795 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 416 പേരും 124 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 203 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.