കാസർഗോഡ്: ആചാരസ്ഥാനികരുടെയും കോലധാരികളുടെയും ഏഴ് മാസത്തെ വേതന കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്ത് സമരപ്രഖ്യാപനത്തിൽ നിന്നും പിൻവലിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലൻ എം. എൽ.എ. ദേവസ്വം വകുപ്പ് മന്ത്രിക്ക് കത്ത് നൽകി.

മലബാർ ദേവസ്വം ബോർഡിന് കീഴിൽ ആചാരസ്ഥാനികർക്കും കോലധാരികൾക്കും വർഷങ്ങളായി നൽകിവരുന്ന, സർക്കാർ 1400 രൂപയായി വർദ്ധിപ്പിച്ച് നൽകിയ പ്രതിമാസ സാമ്പത്തിക സഹായം ഫെബ്രുവരി മുതൽ ലഭിക്കാതെ വന്നതിനാൽ കോലധാരികളും ആചാരസ്ഥാനികരും സെപ്റ്റംബർ 13 മുതൽ ഉപവാസം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് എം.എൽ.എ. വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്.

മലബാർ ദേവസ്വം ബോർഡിന്റെ കാസർകോട് ഡിവിഷനിൽ 1100 ഓളം പേർക്കും തലശ്ശേരി ഡിവിഷനിൽ 800 പേർക്കും കോഴിക്കോട് ഡിവിഷനിൽ 200 പേർക്കും വർഷങ്ങളായി ലഭിച്ചുവരുന്ന ആനുകൂല്യമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ജീവിതം തന്നെ ക്ഷേത്രോപാസനക്കായി നീക്കിവെച്ച ഇവർക്ക് ഈ വേതനം അടിയന്തിരമായി വിതരണം ചെയ്യുന്നതിന് എം.എൽ.എ നിയമസഭയിലും അല്ലാതെയും വകുപ്പ് മന്ത്രിയോട് ആവശ്യ പ്പെടുകയും സർക്കാർ അനുകൂലനടപടികൾ സ്വീകരിക്കും എന്ന് അറിയിച്ചതുമാണ്. ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിലാണ് വീണ്ടും കത്ത് നൽകിയതെന്ന് എം.എൽ.എ.അറിയിച്ചു.