കാര്‍ഷികമൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ സഹകരണസംഘങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് ദേവസ്വം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അളഗപ്പനഗര്‍ സഹകരണ കണ്‍സോര്‍ഷ്യം ഉദ്പാദിപ്പിച്ച സുഭക്ഷ്യ മഞ്ഞള്‍പ്പൊടിയുടെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ-ഓപ്പറേറ്റീവ് ബ്രാന്‍റിങ്ങ് സുഭക്ഷ്യ മഞ്ഞള്‍പ്പൊടിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നും സഹകരണമേഖലയുടെ വിശ്വാസ്യത മുതല്‍ മുടക്കാക്കി കൂടുതല്‍ മുന്നോട്ട്പോകാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന്‍റെ എല്ലാ ശാഖകളിലും സുഭിക്ഷ മഞ്ഞള്‍പ്പൊടി വില്‍പ്പന നടത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ രാജേശ്വരി, സഹകരണസംഘം ജോയിന്‍റ്രജിസ്ട്രാര്‍ ടി.കെ സതീഷ്കുമാര്‍, ഐ.എസ്.എസ്.ആര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് വി ശ്രീനിവാസന്‍, ജില്ലാ വ്യവസായ കേന്ദ്രം ജന.മാനേജര്‍ കെ.എസ് കൃപകുമാര്‍, മുകുന്ദപുരം അസി. രജിസ്ട്രാര്‍ എം.സി അജിത് ത്രിതലപഞ്ചായത്തംഗങ്ങള്‍, സഹകരണ- കൃഷിവകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സഹകരണ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ കെ.എം ചന്ദ്രന്‍ സ്വാഗതവും ആമ്പല്ലൂര്‍ സഹകരണസംഘം വൈസ് പ്രസിഡന്‍റ് കെ.കെ ഹരിദാസ് നന്ദിയും പറഞ്ഞു.