സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ വ്യാഴാഴ്ച(മാര്‍ച്ച് 31) ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയാകും.

50 ലക്ഷം രൂപ വകയിരുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പഴയ ഇരിപ്പിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. വേദിയും മേശകളും പോഡിയവും നവീകരിച്ചു. ചുമരുകളിലും തൂണുകളിലും തേക്ക് കൊണ്ടുള്ള പാനല്‍ വര്‍ക്കും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് സംവിധാനങ്ങളും ശബ്ദ സംവിധാനങ്ങളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്താനാവശ്യമായ ഉപകരണ സംവിധാനങ്ങളും കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, നഗരസഭാ കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഇന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.