ആലുവയിൽ 2013ലേതിന് സമാനമായ പ്രളയ സാഹചര്യം
പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമ്പാവൂർ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂർത്തിയാകും. ആലുവയിൽ 2013ലേതിനു സമാനമായ പ്രളയ സാഹചര്യമാണുള്ളത്. ഇതനുസരിച്ചുള്ള മുൻകരുതൽ ജില്ലാ കളക്ടർ സ്വീകരിക്കും. ഗുണ്ടൂർ, ആരക്കോണം എന്നിവിടങ്ങളിൽ നിന്ന് എൻ. ഡി. ആർ. എഫിന്റെ നാലു സംഘം കൂടി എറണാകുളത്ത് എത്തും. നിലവിൽ ഇവരുടെ പത്ത് ടീം കേരളത്തിലുണ്ട്. എറണാകുളം ജില്ലയിൽ ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
എറണാകുളം ജില്ലയിൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് 64 ക്യാമ്പുകളുണ്ട്. 2751 കുടുംബങ്ങളിലെ 9417 ആളുകൾ ഇവിടങ്ങളിൽ കഴിയുന്നു. കൂടുതൽ പേരെ ഒഴിപ്പിക്കുന്നതോടെ 210 ക്യാമ്പുകൾ തുറക്കേണ്ടി വരും. 7500 കുടുംബങ്ങളിൽ നിന്നുള്ള 25,000 പേർ ക്യാമ്പുകളിലെത്തുമെന്നാണ് കരുതുന്നത്. കർക്കിടക വാവിന് ആലുവയിൽ അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടിൽ 107 ഉം തൃശൂരിൽ 130 ഉം പാലക്കാട് 118 ഉം ആലപ്പുഴയിൽ 15 ഉം കോഴിക്കോട് 14 ഉം ഇടുക്കിയിൽ പത്തും മലപ്പുറത്ത് 12ഉം ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾ ഒഴിവാക്കണം. ഇടുക്കിയിലും എറണാകുളത്തും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. കടലിലെ വേലിയേറ്റത്തെ അനുസരിച്ചാവും പെരിയാറിലെ വെള്ളം ഒഴുകിമാറുന്നത്. വീടുകളിൽ നിന്ന് ജനങ്ങൾ കഴിയുന്നത്ര പുറത്തിറങ്ങരുത്. പാലങ്ങളിൽ മറ്റു നിന്ന് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണം. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഡി. ജി. പി ഒരുക്കും. മണ്ണിടിച്ചിൽ മൂലം റോഡുകളിലുണ്ടായ തടസങ്ങൾ മാറ്റി. കക്കി ഡാം തുറന്നതിനാൽ കുട്ടനാട്ടിലും വെള്ളം ഉയരുമെന്ന് കരുതുന്നു. ഇതും കടലിലെ വേലിയേറ്റത്തെ അനുസരിച്ചിരിക്കും.
നിലവിൽ കൊച്ചി എയർപോർട്ട് അടയ്‌ക്കേണ്ട സാഹചര്യമില്ല. അടക്കേണ്ടി വന്നാൽ വിമാനങ്ങൾക്ക് തിരുവനന്തപുരത്ത്  പകരം സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിൽ വെള്ളം ഒഴുകി വരുന്നതനുസരിച്ച് പുറത്തേക്ക് ഒഴുക്കേണ്ടി വരും. അണക്കെട്ടിന്റെ സുരക്ഷയ്ക്കും ഇത് ആവശ്യമാണ്. നിലവിൽ അഞ്ച് ഷട്ടറും തുറന്നിട്ടുണ്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകൾക്ക് ഇതനുസരിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ കാലവർഷക്കെടുതിയിൽ 27 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിനു പുറമെ തമിഴ്‌നാടും കർണാടകവും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് അഞ്ച് കോടിയും കർണാടകം പത്തു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കെടുതികൾ നേരിടാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചതായും കൂടുതൽ പ്രതിരോധ സേനയുടെ സഹായം വാഗ്ദാനം ചെയ്തതായും ചീഫ് സെക്രട്ടറി പറഞ്ഞു. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, പി. ആർ. ഡി ഡയറക്ടർ സുഭാഷ് ടി . വി, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.