സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതിക്ഷോഭവും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം കൺട്രോൾ റൂമായി പ്രവർത്തിക്കും. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികൾ മേഖലാ റേഞ്ച് ഐ ജി മാരുടേയും ജില്ലാ പോലീസ് മേധാവിമാരുടേയും നേതൃത്വത്തിൽ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാൻഡോകളും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കും . ഐ ആർ ബറ്റാലിയനേയും പൂർണ്ണമായും രംഗത്തിറക്കിയിട്ടുണ്ട്. മഴ കൂടുതൽ ശക്തമായ സ്ഥലങ്ങളിൽ രാത്രിയിലും പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാപോലീസ് മേധാവിമാർ ജില്ലാഭരണകൂടവുമായി നിരന്തര സമ്പർക്കം പുലർത്തും. ഡിസ്ട്രിക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ പോലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള ആക്ഷൻപ്ലാൻ തയ്യാറാക്കാനും അവശ്യഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും കോസ്റ്റൽ പോലീസ് ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അണക്കെട്ടുകൾ തുറക്കുന്ന സ്ഥലങ്ങളിൽ മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളും നൽകി വരുന്നുണ്ട്. ഇത്തരം ഔദ്യോഗിക മുന്നറിയിപ്പുകൾക്കനുസരിച്ച് പോലീസ് സ്വീകരിക്കുന്ന സുരക്ഷാ നടപടികൾക്ക് എല്ലാ പിന്തുണയും നൽകണമെന്നും സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരം വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.