ഒന്നു തൊട്ടുപോയാല്‍ കുറ്റവാളികള്‍ക്ക് എട്ടിന്റെ പണികൊടുക്കാന്‍ കാത്തിരിക്കുകയാണ് വിരലടയാള വിദഗ്ധര്‍. കൈരേഖയിലെ അതിസൂഷ്മ വശങ്ങള്‍ ശേഖരിച്ച് കുറ്റവാളികളെ പിടികൂടുന്ന ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്സ് വിഭാഗത്തിന്റെ സ്റ്റാളാണ് വിജ്ഞാനവും കൗതുകവും നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ശ്രദ്ധേയമാവുന്നത്. ഇവര്‍ ശേഖരിക്കുന്ന രേഖകളില്‍ എട്ടുവശങ്ങള്‍ കുറ്റവാളിയുടെ വിരലടയാളവുമായി ഒത്തു വന്നാല്‍ മാത്രമേ കോടതി ഇത് തെളിവായി സ്വീകരിക്കുകയുള്ളുവത്രേ!

കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ അറിയാതെ സ്പര്‍ശിക്കുന്ന വസ്തുവിലെ കൈരേഖകളില്‍ നിന്നുമാണ് കുറ്റവാളിയുടെ തലവര നിശ്ചയിക്കുന്നത്.  വിയര്‍പ്പ് പുറത്തേക്ക് പോകുന്ന വിരലുകളിലെ അതിസൂക്ഷ്മ സുഷിരങ്ങളാണ് ഇവിടെ കെണിയൊരുക്കുന്നത്. വിരലിലെ വിയര്‍പ്പ് കൊണ്ട് വസ്തുക്കളില്‍ ഉണ്ടാകുന്ന പാടുകള്‍ പ്രത്യേക രാസവസ്തുക്കള്‍ ഉപയോഗിച്ച് തെളിയിച്ചെടുക്കും. ഇതിനെ വലുതാക്കി ഫോട്ടോ എടുക്കുകയും ഇത് കുറ്റവാളികളുടെ വിരലടയാള ശേഖരവുമായി ഒത്തു നോക്കിയുമാണ് പൊലീസ് കുറ്റവാളിയിലേക്കെത്തുന്നത്. വിവിധ വര്‍ണത്തിലുള്ള പ്രതലത്തിലാണ് സ്പര്‍ശിച്ചതെങ്കിലും അള്‍ട്രാ വൈലറ്റ് ലൈറ്റുകള്‍ ഉപയോഗിച്ച് രേഖകള്‍ കണ്ടെത്താനുള്ള സംവിധാനവും ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്സ് വിഭാഗത്തിലുണ്ട്. എത്ര പ്രായമായാലും വിരലടയാളങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ആയിരക്കണക്കിന് വിരലടയാളങ്ങള്‍ ഉണ്ടെങ്കിലും അതില്‍ സൂക്ഷ്മ വശങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഫിംഗര്‍ സെര്‍ച്ചര്‍ സി.കെ രവികുമാര്‍ പറഞ്ഞു.

ഇന്ത്യയിലാണ് വിരലടയാള വിഭാഗം ആദ്യമായി തുടങ്ങിയത് എന്നത് ഏറെ കൗതുകകരമാണ്. 1897 ല്‍ കല്‍ക്കത്തില്‍ ബ്രിട്ടീഷുകാരനായ ഇ ആര്‍ ഹെന്‍ട്രിയാണ് വിരലടയാള വിഭാഗം ആരംഭിച്ചത്. ഏറെ പേരുകേട്ട സ്‌കോട്‌ലാന്‍ഡ് പൊലീസിനു പോലും പിന്നെയും കാലങ്ങള്‍ കഴിഞ്ഞുമാത്രമേ ഈ ശാഖ തുടങ്ങാന്‍ സാധിച്ചുള്ളു. കേരളത്തില്‍ തിരുവനന്തപുരം പട്ടത്താണ് സ്റ്റേറ്റ് ഫിന്‍ഗര്‍ പ്രിന്റ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. ഓരോ ജില്ലയിലും ഓരോ ബ്യൂറോയും ഉണ്ട്. ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍, ഫിംഗര്‍ പ്രിന്റ് എക്‌സപെര്‍ട്, ടെസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറക്ടര്‍ തുടങ്ങിയ തസ്തികളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. പൊലീസിന്റെ സന്തത സഹചാരികളാണെങ്കിലും ഇവിടെ ജോലിനോക്കുന്നവര്‍ ആരും പൊലീസുകാരല്ല. ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി ബിരുദമാണ് ഈ വിഭാഗത്തിലേക്കുള്ള ജോലിയുടെ അടിസ്ഥാന യോഗ്യത.