കല്‍പ്പറ്റ: കനത്ത മഴയ്ക്ക് അറുതിയായെങ്കിലും വയനാട്ടില്‍ ദുരിതം വിട്ടൊഴിഞ്ഞില്ല. മഴക്കെടുതിയില്‍ ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരത്തില്‍ രാജമ്മ (58) ആണ് മരിച്ചത്. ഇന്നുരാവിലെ 10.15 ഓടെയായിരുന്നു സംഭവം. ഉടന്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കി. ഇതോടെ ഈ കാലവര്‍ഷത്തില്‍ വയനാട്ടില്‍ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കിടെ നാലുപേരാണ് മരിച്ചത്. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയില്‍ മണ്ണിടിഞ്ഞ് തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിഞ്ഞ് മേപ്പാടി കടല്‍മാട് സ്വദേശി ഷൗക്കത്തലി (36) എന്നിവരാണ് ഒരാഴ്ചയ്ക്കിടെ മരിച്ചത്. അതേസമയം, 3,622 കുടുംബങ്ങളില്‍ നിന്നായി 13,461 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 124 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി താലൂക്കുകളിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍- 58 വീതം. എട്ടു ക്യാമ്പുകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പ്രവര്‍ത്തിക്കുന്നു. മാനന്തവാടി താലൂക്കില്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ നിന്നാണ് കൂടുതല്‍ അഭയാര്‍ത്ഥികള്‍. ഇവിടെ 262 കുടുംബങ്ങളില്‍ നിന്നായി 1073 പേരാണ് പനമരം ഗവ. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ വില്ലേജിലെ മുണ്ടേരി ജിവിഎച്ച്എസ്എസിലാണ് കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത്. കഴിഞ്ഞ എട്ടിന് പ്രവര്‍ത്തനമാരംഭിച്ച ക്യാമ്പില്‍ 204 കുടുംബങ്ങളില്‍ നിന്നായി 849 പേര്‍ കഴിയുന്നു. സുല്‍ത്താന്‍ ബത്തേരി താലക്കില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത് ചേകാടി ഗവ. എല്‍പി സ്‌കൂളിലാണ്. 99 കുടുംബങ്ങളില്‍ നിന്നായി 425 പേര്‍ ഇവിടെയുണ്ട്. കനത്ത മഴയുണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ആഗസ്ത് 14 വരെ നീട്ടിയിരിക്കുകയാണ്.