കല്‍പ്പറ്റ: കനത്ത മഴയില്‍ മലവെള്ളം കയറിയും മണ്ണിടിഞ്ഞും ഉപയോഗശൂന്യമായ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങുന്നവര്‍ക്കായി വീടുകള്‍ സജ്ജമാക്കും. ഇതിനായി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം തിങ്കളാഴ്ച വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ അറിയിച്ചു. പഞ്ചായത്തു വാര്‍ഡുതലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ആലോചന. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് 14 വരെ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് മടങ്ങിപോകാന്‍ സയമമെടുക്കും. ഇതിനുള്ളില്‍ വീടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. സന്നദ്ധ സംഘടനകള്‍, യുവജന സംഘങ്ങള്‍ തുടങ്ങയവരുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
നിലവിലെ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മണ്ണിടിച്ചല്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്കി. പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങള്‍ ജില്ലാതല കേന്ദ്രങ്ങളിലുടെ പ്രോത്സാഹിപ്പിക്കണം. ആത്മാര്‍ത്ഥ സേവനം നടത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി ജെയിംസ് പ്രശംസിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഈ ദൗത്യം പൂര്ണ്ണമാവുന്നതുവരെ അതീവ ശ്രദ്ധവേണമെന്നും തിരിച്ചു വീടുകളിലേക്ക് പോകുന്നവര്‍ക്ക് വൃത്തിയുള്ള സാഹചര്യമൊരുക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിലെ ശുചിത്വത്തിനു പ്രത്യേക പരിഗണന നല്‍കണം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കണം. ചെറിയ പനിയാണെങ്കില്പോലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണം. ആവശ്യമെങ്കില്‍ പുതിയ ക്യാമ്പുകള്‍ കണ്ടെത്തി ആളുകളെ മാറ്റണം. നിലവില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂറോളം ക്യാമ്പുകളില്‍ നില്ക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍, സഹായമെന്ന നിലയ്ക്കു പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെയടക്കം സേവനം ലഭ്യമാക്കും. ഗതാഗത തടസം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. തകര്‍ന്ന വൈദ്യുതി ലൈനുകള്‍ ശരിയാക്കി വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തും. ക്യാമ്പുകളില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കു സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദ്ദേശം നല്കി. ആവശ്യമാകുന്ന സാഹചര്യത്തില്‍ നിലവില്‍ മൈസൂരു ക്യാമ്പ് ചെയ്യുന്ന ദേശീയ ദുരന്തനിവാരണ സേനയുടെ സേവനവും ലഭ്യമാക്കും.
