പടിഞ്ഞാറത്തറ: വെള്ളമിറങ്ങി സ്വന്തം വീട്ടിലേയ്ക്കു വീണ്ടുമെത്തിയപ്പോള്‍ വീടുണ്ടായിരുന്നിടത്ത് കുറച്ച് അവശിഷ്ടങ്ങള്‍ മാത്രം. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവിലെ അയിനിമൊട്ടംകുന്നില്‍ കുഞ്ഞമ്മദിന്റെ വീടാണ് മഴ ഒറ്റയടിക്ക് കൊണ്ടുപോയത്. പെയിന്റിംഗ് തൊഴിലാളിയായ കുഞ്ഞമ്മദ് കഴിഞ്ഞ ബുധനാഴ്ചയും പതിവുപോലെ പണിക്കു പോയി. ആ സമയം ഭാര്യയും മക്കളും തേറ്റമലയിലെ ഭാര്യ വീട്ടിലായിരുന്നു. മാതാവ് നസീബ സഹോദരിയുടെ വീട്ടിലും. ബുധനാഴ്ച പെയ്ത മഴ പുതുശ്ശേരിക്കടവിനെ വെള്ളത്തിലാക്കി. ഒപ്പം കുഞ്ഞമ്മദിന്റെ വീടും. വെള്ളമിറങ്ങിയശേഷം തിരിച്ചെത്തിയപ്പോഴേക്കും വീടിന്റെ ഒരുചുമരും ആസ്ബറ്റോസ് ഷീറ്റിന്റെ കഷ്ണവും മാത്രമാണ് കണ്ടത്. ഇതാണെങ്കില്‍ എതു സമയവും വീഴാം എന്ന സ്ഥിതിയിലുമാണ്.