മഴ മാറിനിന്നതോടെ തിരുവനന്തപുരം ജില്ല സാധാരണ നിലയിലേക്ക്. വെള്ളപ്പൊക്കം
ദുരിതം വിതച്ച മേഖലകളിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ പകൽ മഴ
കാര്യമായി പെയ്യാതിരുന്നതും വെള്ളക്കെട്ട് നിർമാർജനവും ശുചീകരണവും
ഊർജിതമാക്കിയതും ജനജീവിതം സാധാരണ നിലയിലേക്കെത്തുന്നതു വേഗത്തിലാക്കി.
ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരിൽ പലരും വീടുകളിലേയ്ക്ക് മടങ്ങിയെങ്കിലും
വെള്ളപ്പൊക്ക മേഖലകളിലെ ഏഴായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ
ക്യാമ്പുകളിൽ കഴിയുകയാണ്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യവും
ഒരിക്കിയിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവനന്തപുരം താലൂക്കിൽ 37 ദുരിതാശ്വാസ
ക്യാമ്പുകൾ തുറന്നു. 872 കുടുംബങ്ങളിലെ 3058 ആളുകളെയാണു
മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്. ഉച്ചതിരിഞ്ഞു താലൂക്കിന്റെ ചിലയിടങ്ങളിൽ
നേരിയ മഴ പെയ്തു.