പ്രകൃതി ക്ഷോഭത്തിൽ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇതേവരെയുള്ള നടപടികൾ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ വിവിവിധ വകുപ്പുതലവന്മാരുടെ യോഗത്തിൽ അവലോകനം ചെയ്തു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നഷ്ടപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്തണം എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുരിത ബാധിത സമയത്ത് ജില്ലാ കളക്ടർ കെ.ജീവൻബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ കാര്യക്ഷമവും സജീവവുമായ ഇടപെടൽ ജില്ലയുടെ പുനർനിർമിതിക്കായി തുടർന്നും ഉണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തിനുമുമ്പുള്ള നിലയിലേക്ക് ഇടുക്കിയെ പുനസ്ഥാപിക്കുകയല്ല പുതിയ ഇടുക്കിയെ പുനസൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ടവയിൽ കേരളത്തിനുവെളിയിൽ നിന്നു ലഭിക്കേണ്ട രേഖകളുടെ കാര്യത്തിൽ അയൽ സംസ്ഥാനങ്ങളിലെ സെക്രട്ടറിതലത്തിൽ ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തലത്തിൽ നടത്തിയ അദാലത്തിലൂടെ ഇതേവരെ 257 അപേക്ഷകൾ ലഭിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. ഇതിൽ 81 അപേക്ഷകൾ വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടും 29 എണ്ണം വാഹനവുമായും 51 എണ്ണം വോട്ടേഴ്സ് തിരിച്ചറിയിൽ കാർഡുമായും 31 എണ്ണം റേഷൻ കാർഡുമായും രണ്ടെണ്ണം പട്ടയവുമായും ബാക്കി ബാങ്ക് പാസ് ബുക്ക്, ഇൻഷുറൻസ്, പാസ്പോർട്ട് തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ്. ഇവ നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പഞ്ചായത്ത് തലത്തിൽ ഇവ വിതരണം ചെയ്യും. പ്രകൃതി ദുരന്തം നേരിട്ടകുടുംബങ്ങളിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടതുസംബന്ധിച്ച് കണക്കെടുക്കും. പഞ്ചായത്ത് തലത്തിൽ അപേക്ഷകൾ സ്വീകരിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എസ്.എസ്.എൽ.സി ബുക്ക്, ഹയർ സെക്കന്ററി വകുപ്പിൽ നിന്ന് പ്ലസ് ടു സർട്ടിഫിക്കറ്റ്, മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഡ്രൈവിങ് ലൈസൻസ്, ആർ.സി.ബുക്ക്, പെർമിറ്റ്, ടാക്സ് രസീത്, റവന്യുവകുപ്പിൽ നിന്ന് വോട്ടേഴ്സ് തിരിച്ചറിയിൽ കാർഡ്, പട്ടയം, കൈവശരേഖ, ആധാർ, സപ്ലൈ ഓഫീസിൽ നിന്ന് റേഷൻ കാർഡ് തുടങ്ങിയ രേഖകൾ വേഗത്തിൽ നൽകാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കന്നത്. ആധാർ, പാൻകാർഡ് എന്നിവയുടെ പകർപ്പ് അക്ഷയവഴി ലഭ്യമാക്കും. ഫീസ് ഈടാക്കാതെ ഡൂപ്ലിക്കേറ്റ് പാസ്പോർട്ട് നൽകാനുള്ള സ്‌കീം ഇപ്പോൾ ലഭ്യമാണ്. ഒക്ടോബർ 11 വരെ ഇതിനായി അപേക്ഷിക്കാം. പാസ്പോർട്ട് നഷ്ടപ്പെട്ടതാണ് എങ്കിൽ എഫ്.ഐ.ആർ ആവശ്യമാണ്. വീടുകൾ നഷ്ടപ്പെട്ടവർക്ക് അവരുടെ വിവിധ ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകളിൽ കയറി ഇറങ്ങേണ്ട സാഹചര്യം ഉഴിവാക്കുമെന്ന് കളക്ടർ പറഞ്ഞു.