കൊച്ചി: പറവൂര്‍ നഗരസഭയുടെ കീഴില്‍ വയോജനങ്ങള്‍ക്കായുള്ള ശരണാലയ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പറവൂര്‍ എംഎല്‍എ അഡ്വ. വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. നഗരസഭ വക കെട്ടിടത്തില്‍ സ്വകാര്യ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ത്വനം ശരണാലയം നഗരസഭ നേരിട്ട് ഏറ്റെടുക്കുകയാണ്. ഇനി മുതല്‍ നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ആയിരിക്കും ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇതിനായി നഗരസഭാ കൗണ്‍സില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ശരണാലയത്തിന്റെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചില നിബന്ധനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ അന്തേവാസികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ മൂന്ന് മാസത്തില്‍ അത് മാറ്റാവുന്നതാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ സന്തോഷകരമായ അന്തരീക്ഷം വയോജനങ്ങള്‍ക്ക് നല്‍കുക എന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എ പൂച്ചെണ്ടുകള്‍ നല്‍കി അന്തേവാസികളെ ശരണാലയത്തിലേക്ക് സ്വീകരിച്ചു.
സ്വകാര്യ വ്യക്തി നടത്തിയിരുന്ന സാന്ത്വനം ശരണാലയത്തിന്റെ കാലാവധി ഈ മാസം തീരുന്ന സാഹചര്യത്തിലാണ് നഗരസഭ സ്ഥാപനം ഏറ്റെടുക്കുന്നത്. 13 പേരാണ് അന്തേവാസികള്‍. പ്രളയാനന്തരം പറവൂര്‍ ടൗണ്‍ഹാളിലെ ക്യാമ്പില്‍ താമസിച്ചിരുന്ന കുട്ടികളടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ ഇപ്പോള്‍ ശരണാലയത്തിന്റെ മുകളിലെ നിലയിലാണ് താമസിക്കുന്നത്. അതില്‍ ഒരു കുടുംബത്തിന്റെ വീട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ അവര്‍ പുതിയ വീട്ടിലേക്ക് താമസം മാറും. രണ്ടാമത്തെ കുടുംബത്തിനുള്ള വീടിന്റെ നടപടികളും പൂര്‍ത്തിയായി. അവരുടെ കൂടി പുനരധിവാസം സാധ്യമാകുന്നതോടെ ഇവിടെ പകല്‍വീട് ആരംഭിക്കാനാണ് പദ്ധതി. സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ കൂടിയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ശരണാലയത്തില്‍ ഇനി മുതല്‍ പുറത്തുനിന്നുള്ള ഭക്ഷണം സ്വീകരിക്കുന്നതല്ല. ഭക്ഷണം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ നഗരസഭയുമായി ബന്ധപ്പെട്ടാണ് ചെയ്യേണ്ടത്. ശരണാലയത്തിലെ ഭക്ഷണ വിവര പട്ടിക അനുസരിച്ചുള്ള ഭക്ഷണം, നിശ്ചയിച്ചിരിക്കുന്ന ഫീസ് നല്‍കുന്നതിന് അനുസരിച്ച് അന്തേവാസികള്‍ക്ക് ഉണ്ടാക്കി നല്‍കും. സ്ഥാപനത്തില്‍ പരിപാടികള്‍ നടത്തുന്നതിന് മാനേജ്‌മെന്റ് കമ്മിറ്റി, കൗണ്‍സില്‍, സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍ എന്നിവരുടെ അനുവാദം വേണം.
ഒരു കോടി 40 ലക്ഷം രൂപയുടെ നഗരസഭയുടെ അടുത്ത പദ്ധതിയാണ് ഷെല്‍ട്ടര്‍ ഹോം. ശരണാലയത്തോട് ചേര്‍ന്ന് തന്നെയാണ് ഇതിന്റെ കെട്ടിടം നിര്‍മ്മിക്കുന്നത്. താഴെ നിലയില്‍ മുറികളും മുകളിലെ നില ഡോര്‍മിറ്ററിയും ആയിട്ടാണ് പ്രവര്‍ത്തിക്കുക. പറവൂര്‍ നഗരത്തിലെത്തുന്ന അശരണരായ സ്ത്രീകള്‍ക്ക് രാത്രി അന്തിയുറങ്ങാനുള്ള സുരക്ഷിതമായ സ്ഥലം ഒരുക്കി കൊടുക്കുക എന്നതാണ് ലക്ഷ്യം. ഡിസംബറോടെ ശിലാസ്ഥാപനം നടത്തി ആറുമാസത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറഞ്ഞു. അന്തേവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റിയാണ് ശരണാലയം പ്രവര്‍ത്തിക്കുന്നത്. വീണ്ടും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബറില്‍ ആസാമില്‍ നടന്ന അഖിലേന്ത്യാ തായ് ബോക്‌സിംഗ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ജിതിന്‍ രാജിനെ ചടങ്ങില്‍ അനുമോദിച്ചു. ഫെബ്രുവരിയില്‍ തായ്‌ലാന്റില്‍ നടക്കുന്ന അന്താരാഷ്ട്ര തായ് ബോക്‌സിംഗില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിതിന്‍ രാജ്.
പറവൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജലജ രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി രാജു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി നിഥിന്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഭാവതി, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പരമേശ്വരന്‍, നഗരസഭാ സെക്രട്ടറി നീതു ലാല്‍, മറ്റ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: വയോജനങ്ങള്‍ക്കായുള്ള ശരണാലയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പറവൂര്‍ എംഎല്‍എ അഡ്വ. വി.ഡി സതീശന്‍ നിര്‍വഹിക്കുന്നു.