മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 33 ാം യോഗത്തില്‍ 13,886.93 കോടി രൂപയുടെ ഏഴു പുതിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിനുപുറമേ 2518.35 കോടി രൂപയുടെ ഉപപദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നല്‍കിയ അംഗീകാരം സാധൂകരിക്കുകയും ചെയ്തതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി സ്ഥലമെടുപ്പിന് 12,710 കോടി രൂപയുടെ അനുമതിയും നല്‍കി. ഇതുവരെ ആകെ 39,716.57 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്.
പുതിയ പദ്ധതികള്‍ അംഗീകരിച്ചതിനു പുറമേ മുന്‍ യോഗങ്ങളില്‍ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹണ നടപടികളും യോഗം വിലയിരുത്തി. നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ വഴി കിഫ്ബി പദ്ധതികള്‍ക്ക് ധനസമാഹരണം നടത്തുന്നതിനാവശ്യമായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ രൂപീകരണവും ലണ്ടന്‍, സിംഗപ്പൂര്‍ എന്നീ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി മസാല ബോണ്ട് പുറപ്പെടുവിക്കുന്നതും വിവിധ ബാങ്കുകളില്‍നിന്ന് ടേം ലോണുകള്‍ എടുക്കുന്നതും പ്രവാസി ചിട്ടി നടപ്പാക്കുന്നതും സംബന്ധിച്ച പുരോഗതിയും വിലയിരുത്തി. ആദ്യമായി മസാലബോണ്ട് ഈമാസം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഫുള്‍ ഡെപ്ത്ത് റിക്ലമേഷന്‍, കോള്‍ഡ് റീസൈക്ലിംഗ്, ജിയോ സെല്‍സ്, മൈക്രോ സര്‍ഫിംഗ്, സോയില്‍ നൈലിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള കിഫ്ബി പദ്ധതികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സമീപിക്കാനുള്ള തീരുമാനവും ബോര്‍ഡ് അംഗീകരിച്ചു.
നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് വഴി ക്ഷേമപദ്ധതികള്‍ക്കായി പ്രവാസികളില്‍നിന്ന് സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്, അംഗങ്ങളായ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടേം ജോസ്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്‌സ് സെക്രട്ടറി സഞ്ജീവ് കൗശിക്, സ്വതന്ത്ര അംഗങ്ങളായ ഡോ. ഡി. ബാബുപോള്‍, സുദീപ്‌തോ മുണ്‌ഡേല, പ്രൊഫ. സുശീല്‍ ഖന്ന, രാധാകൃഷ്ണന്‍ നായര്‍ എന്നിവരും പങ്കെടുത്തു.