ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞവർക്ക് മാനസികാരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള ആയുർവേദ – ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ആയുർവേദ മെഡിക്കൽ സംഘം. ദുരന്തത്തിൽ ഒടിവ്, ചതവ് തുടങ്ങിയ പരിക്കുകളോടെ രക്ഷപെട്ടവർക്ക് വേണ്ട ആയുർവേദ ചികിത്സകൾ ,മാനസിക ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയുള്ള കൗൺസലിങ് തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ള ആയുർവേദ സ്‌പെഷ്യലിസ്‌റ് മെഡിക്കൽ ഓഫീസർമാരെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ദുരന്തം നടന്ന ആദ്യദിനം തന്നെ ഭാരതീയ ചകിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. പ്രീത, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ അടിയന്തര ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ കൺവീനർ ഡോ അരുൺ കുമാർ മേപ്പാടി, മെഡിക്കൽ ഓഫീസർമാരായ ഡോ ഹരിശങ്കർ, ഡോ രേഖ സി എന്നിവർ ആയുർവേദ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചു, ദുരന്തം തകർത്തെറിഞ്ഞ മനുഷ്യർക്കിടയിൽ സേവനം നൽകി വരുന്നു.
വിവിധ ക്യാമ്പുകളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയും, കൂടുതൽ പേരുള്ള ക്യാമ്പുകളിൽ രാത്രി പത്തു വരെയും ആയുഷ് മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാണ്. അവശ്യ ആയുഷ് മരുന്നുകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ ബാൻഡേജിങ്, ഇൻഫ്രാറെഡ് തെറാപ്പി, മൊബൈൽ പഞ്ചകർമ യൂണിറ്റ്, ജീവനക്കാരെയും മരുന്നുകളും എത്തിക്കാനുള്ള വാഹന സൗകര്യം തുടങ്ങിയവ ആയുഷ് മിഷൻ കേരളയുടെ നേതൃത്വത്തിൽ സജ്ജമാക്കി.
മാനസിക ആഘാതം ഏറ്റവർക്ക് കൗൺസലിങ് നൽകാൻ ആയുർവേദ മാനസികാരോഗ്യ വിഭാഗം സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. കൂടാതെ രക്ഷാപ്രവർത്തകരായ എൻഡിആർഎഫ്, മറ്റു ആർമി വിഭാഗങ്ങൾ, സന്നദ്ധ സേവകർ എന്നിവർക്കും ആവശ്യമായ ആയുർവേദ മെഡിക്കൽ പരിരക്ഷ നൽകിവരുന്നു.