പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള മണ്ഢലകാലം ഇത്തവണ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് സമ്പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തി. കൊക്കകോള കമ്പനിയുടെ സാമൂഹികസുരക്ഷാ ഫണ്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പ്ലാസ്റ്റിക് കുപ്പികള്‍, ടെട്ര പാക്കുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെങ്കിലും പലപ്പോഴും അതുലംഘിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരോധിതവസ്തുക്കള്‍ ഉള്‍പ്പടെെയാണ് നീക്കംചെയ്യണ്ടത്. തീര്‍ഥാടനകാലത്തുടനീളം ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കണം. ശേഖരിക്കുന്ന നിരോധിത പ്ലാസ്റ്റിക്ഉത്പന്നങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ നീക്കംചെയ്യുകയും വേണം. ഇവിടെ എത്തുന്നവര്‍ക്ക് പരിസ്ഥിതിസൗഹൃദ സഞ്ചികള്‍കൂടി വിതരണം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
കമ്പനിയുടെ സി.എസ്.ആര് ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ അടിയന്തരഘട്ട കാര്യനിര്വഹണകേന്ദ്രങ്ങളുടെ പുനരുദ്ധാരണസാധ്യതയും പരിശോധിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രകൃതിസൗഹൃദ മണ്ഢലകാലം ഉറപ്പാക്കുന്നതിനായി പരമാവധി സഹകരിക്കുമെന്ന ഉറപ്പും നല്കി.