* 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാൻ തീരുമാനം
മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന ശുചിത്വ അവബോധം ജീവിതത്തിൽ പരമാവധി പ്രാവർത്തികമാക്കാൻ എല്ലാ ജനവിഭാഗങ്ങളും ശ്രദ്ധിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെയും ലോക ആവാസ ദിനത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത് പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വികസന വകുപ്പ് സംഘടിപ്പിച്ച ശുചിത്വ കേരളം സുസ്ഥിര കേരളം ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണം, ഊർജ സംരക്ഷണമടക്കമുള്ള മേഖലകളിൽ വിവിധ പരിപാടികൾ വകുപ്പ് നടത്തി വരികയാണ്. പുരപ്പുറ സൗരവൈദ്യുതിയടക്കമുള്ള പദ്ധതികൾ നടപ്പിലാക്കാൻ പൊതു സമൂഹം ശ്രദ്ധിക്കണം. ഉറവിട മാലിന്യ സംസ്‌കരണത്തിലും പ്ലാസ്റ്റിക്കിന്റെ നിയന്ത്രിത ഉപഭോഗത്തിലും ശ്രദ്ധ ചെലുത്തിയാൽ മാത്രമേ നിലവിലെ മാലിന്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയൂ. ശുദ്ധജല ദൗർലഭ്യം നേരിടുന്ന കാലം കൂടിയാണിത്. കക്കൂസ് മാലിന്യമടക്കമുള്ളവ ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌കരണത്തിന് വിധേയമാക്കണ്ടത് അത്യാവശ്യമാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.
ജനകീയാസൂത്രണ പദ്ധതിയോടെ ആരംഭിച്ച സമ്പൂർണ ശൗചാലയ പദ്ധതി കാലത്തിനനസുരിച്ച് ആധുനിക സൗകര്യങ്ങളോടെ നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പ്രകൃതി സൗഹൃദമായ നല്ല പാഠങ്ങൾ പകർന്ന് പുതുതലമുറയേയും കാലാവസ്ഥ വ്യതിയാനത്തെയടക്കം ചെറുക്കാൻ പ്രാപ്തരാക്കണമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ സങ്കേതങ്ങളിലെ 1000 ആവാസ വ്യവസ്ഥകളെയെങ്കിലും ഹരിത നഗറുകളാക്കാനും തീരുമാനിച്ചു. തദ്ദേശ, ശുചിത്വ, തൊഴിലുറപ്പ് , ആരോഗ്യം, ഊർജ്ജം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് ഹരിത നഗറുകൾക്കുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ചെയർമാൻ എസ്. എം വിജയാനന്ദ്, കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ, കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി. ബി. സാജൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ്. എന്നിവർ സംബന്ധിച്ചു.