പ്രമേഹത്തെ പ്രതിരോധിക്കാം: നല്ല വ്യായാമംചിട്ടയായ ജീവിതംആരോഗ്യകരമായ ഭക്ഷണം

നവംബർ 14 ലോക പ്രമേഹ ദിനം


സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക പ്രമേഹ ദിനമായ നവംബർ 14ന് തുടങ്ങി അടുത്ത വർഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം കൂടി ഇതിലുണ്ടാകും. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രമേഹ നിയന്ത്രണത്തിന്റെ ശാസ്ത്രീയവും നൂതനവുമായ ചികിത്സാ വിധികളുടെ പരിശീലനത്തോട് കൂടിയാണ് ഈ സഹകരണം ആരോഗ്യ വകുപ്പ് ആരംഭിക്കുന്നത്. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തി ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ഒരു അന്താരാഷ്ട്ര സെമിനാർ നടത്തുന്നതിന് പദ്ധതിയുണ്ട്. ദേശീയവും അന്തർ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് സംസ്ഥാനത്തിന് പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് സൃഷ്ടിക്കുന്നതിനായി ഈ സെമിനാർ നടത്താൻ ഉദ്ദേശിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ സെമിനാറിനുണ്ട്. സെമിനാറിന് ശേഷം തയ്യാറാക്കുന്ന പ്രമേഹരോഗ ചികിത്സയുടെ റോഡ്മാപ്പിന് അനുസൃതമായിട്ടായിരിക്കും ആരോഗ്യവകുപ്പിലെയും ചികിത്സ ശാക്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്.

‘തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം’ (Breaking barriers and bridging gaps: uniting to strengthen diabetes well-being) എന്നുള്ളതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗികളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം തടസ്സങ്ങളില്ലാതെ ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുക അതിലൂടെ ആരോഗ്യപരമായ ക്ഷേമം കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയിൽ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് പ്രമേഹരോഗ നിയന്ത്രണത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നു. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളെയും ഗൃഹസന്ദർശനം നടത്തി അവരുടെ വിവരങ്ങൾ ശൈലി എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി നിയന്ത്രണ പരിപാടി സംസ്ഥാനത്ത് പുരോഗമിച്ചുവരുന്നു. ഈ പദ്ധതിയിലൂടെ പ്രമേഹ രോഗമുള്ള ആൾക്കാരെയും പ്രമേഹ രോഗം വരാൻ സാധ്യതയുള്ള ആൾക്കാരെയും കണ്ടെത്തുന്നതിന് സാധ്യമായിട്ടുണ്ട്. രണ്ടാംഘട്ട സർവേയിൽ ഇതിനോടകം തന്നെ 50 ലക്ഷത്തിലധികം ആൾക്കാരെ സർവേക്ക് വിധേയരാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പ്രമേഹരോഗം കണ്ടെത്തിയ ആൾക്കാർക്ക് വിദഗ്ധമായ ചികിത്സ നൽകുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ സ്ഥാപനങ്ങളും സുസജ്ജമാണ്.

പ്രമേഹ രോഗികൾക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ‘നയനാമൃതം പദ്ധതി’ 172 കേന്ദ്രങ്ങളിൽ ഇന്ന് ലഭ്യമാണ്. ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ‘ഡയബറ്റിക് ഫൂട്ട്’ അല്ലെങ്കിൽ ഡയബെറ്റിസ് രോഗികൾക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നത്തിനായി 84 ആശുപത്രികളിൽ ബയോതിസിയോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുനുപുറമേ എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളിൽ പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ തയ്യാറാക്കി കൊണ്ട് 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പെടയുള്ള എല്ലാ മരുന്നുകളും സൗജന്യമായി പ്രാഥമികാരോഗ്യ തലം മുതൽ ആരോഗ്യ വകുപ്പ് നൽകി വരുന്നുണ്ട്. ഏകദേശം 21 ലക്ഷത്തോളം വരുന്ന പ്രമേഹരോഗികൾക്ക് ഇതിന്റെ സൗജന്യം ലഭിക്കുന്നുണ്ട്. ടൈപ്പ്1 പ്രമേഹം ബാധിച്ച പ്രമേഹ രോഗികൾക്കും ആരോഗ്യ വകുപ്പിലൂടെ ഇപ്പോൾ നൂതന ചികിത്സ നൽകി വരുന്നുണ്ട്. പ്രമേഹം ബാധിച്ച ടി.ബി രോഗികൾക്കും, ഗർഭിണികൾക്കുണ്ടാകുന്ന പ്രമേഹത്തിനും ആവശ്യമായ ചികിത്സയും ആരോഗ്യ വകുപ്പ് നൽകി വരുന്നു.