പരിയാരം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വികസന കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമായി വിജ്ഞാനം മൂലധനമാക്കി പ്രവർത്തിക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് എം എൽ എ പറഞ്ഞു. ഇതിനായി സ്റ്റാർട്ടപ്പ് മിഷനുകൾ പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് വലിയ മൂലധന നിക്ഷേപം ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനവും യൂട്യൂബ് ചാനൽ ലോഞ്ചിങ്ങും എം.എൽ..എ നിർവഹിച്ചു.
പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ അധ്യക്ഷയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് റിസോഴ്‌സ് പേഴ്സൺ വി.പി സന്തോഷ് കുമാർ സംസ്ഥാനതല വികസന റിപ്പോർട്ടും പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ പാടാച്ചേരി പഞ്ചായത്ത്തല റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് നിർമിച്ച വീഡിയോകൾ പ്രദർശിപ്പിച്ചു. തുടർന്നുള്ള പൊതുചർച്ചയിൽ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. വികസന സദസ്സിൽ പങ്കെടുക്കുന്നവർക്കായി കെ സ്മാർട്ട് സേവനവും പഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും ഒരുക്കി.
കുറ്റ്യേരി ഗവ. ഹൈസ്കൂളിൽ നടത്തിയ പരിപാടിയിൽ പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബാബുരാജൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.സി മല്ലിക, പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ ഗോപാലൻ, ടി.പി രജനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.വി മിനി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
