വയനാട് ജില്ലയിൽ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാർ അതത് വരണാധികാരികൾ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണായി പൊഴുതന ഡിവിഷനിൽ നിന്നുള്ള അംഗം കെ. കെ ഹനീഫയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി തരിയോട് ഡിവിഷനിൽ നിന്നുള്ള ജിൻസി സണ്ണിയെ തിരഞ്ഞെടുത്തു.
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സണായി നൂൽപുഴയിൽ നിന്നുള്ള പ്രസന്ന ശശീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി മുത്തങ്ങ വാർഡിൽ നിന്നുള്ള ടി. അവറാൻ തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ തലപ്പുഴ വാർഡിൽ നിന്നുള്ള മീനാക്ഷി രാമൻ നയിക്കും. വൈസ് ചെയർപേഴ്സണായി കട്ടയാട് വാർഡിൽ നിന്നുള്ള സി.പി മൊയ്തു ഹാജിയെ തിരഞ്ഞെടുത്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുൽപള്ളി ഡിവിഷനിൽ നിന്നുള്ള ടി.എസ്. ദിലീപ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പച്ചിലക്കാട് വാർഡിലെ റഷീന സുബൈറിനെ തിരഞ്ഞെടുത്തു.
