വയനാട് ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ നഗരങ്ങള്‍ക്ക് ആരോഗ്യകരമായ മണ്ണ് എന്ന സന്ദേശത്തോടെയാണ് ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.

മണ്ണിന്റെ പ്രാധാന്യം-സുസ്ഥിര മണ്ണ് വിഭവ പരിപാലനത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ ബോധവത്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ സസ്യ പോഷക മൂലകങ്ങളും ശാസ്ത്രീയ മണ്ണ് പരിശോധനയും എന്ന വിഷയത്തില്‍ സോയില്‍ സര്‍വ്വെ ഓഫീസര്‍ എം. രാഹുല്‍രാജ് ക്ലാസ്സെടുത്തു. ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഫോട്ടോഗ്രാഫി, പരിസ്ഥിതി ക്വിസ് മത്സര വിജയികള്‍ക്ക് മൊമന്റോ, ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സജീവ് അധ്യക്ഷനായി. സോയില്‍ സര്‍വ്വെ ഉത്തരമേഖല ഡെപ്യൂട്ടിഡയറക്ടര്‍ സി.ബി ദീപ, ജില്ലാ മണ്ണ് പരിവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി. അബ്ദുള്‍ ഹമീദ്, സോയില്‍ സര്‍വ്വെ ഓഫീസര്‍എന്‍. പി രാംജിത്ത്, മീനങ്ങാടി കൃഷി ഓഫീസര്‍ ജിതിന്‍ ഷാജു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷകര്‍, വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.