കോട്ടയം:പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കാന്‍ സ്കൂളുകള്‍ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ ഭാവി നിര്‍ണയിക്കേണ്ടവരാണ് ഇന്നത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍. അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പ്രവേശനോത്സവം. നല്ല അന്തരീക്ഷത്തില്‍ അവര്‍ വളരുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്-അദ്ദേഹം പറഞ്ഞു.

ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് സ്പീക്കര്‍ മധുരവും പൂക്കളും സമ്മാനിച്ചു സ്വീകരിച്ചു. വിദ്യാഭ്യാസവകുപ്പുമന്ത്രി എന്‍. ഷംസുദ്ദീന്‍ ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.വൈശാഖ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ഡി.ഇ.ഒ എം.ആര്‍ സുനിമോള്‍,എസ്.എസ്.കെ ജില്ലാ പ്രജക്ട് കോ ഓര്‍ഡിനേറ്റര്‍ ധന്യ പി. വാസു, എ.ഇ.ഒ അനില്‍ കെ.തോമസ്, ഫാ. ബ്രിജിത്ത് കെ.ബേബി, ഡോ.ജേക്കബ് ജോണ്‍, ഡാനിഷ് പി.ജോണ്‍, മധുമോഹന്‍,പി.ടി.എ പ്രസിഡന്‍റ് അനുജ പ്രശാന്ത്,അനീറ്റ മറിയം സിജി എന്നിവര്‍ പ്രസംഗിച്ചു.