സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകർക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പ്രകൃതിയെ തകർത്ത് മനുഷ്യന് നിലനിൽപ്പില്ല. പരിസ്ഥിതി സംരക്ഷണം വികസനത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്ന കതിര് പദ്ധതിയുടേയും ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം എന്ന സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ മാത്രം ഭീഷണിയല്ല, അതിന്റെ അപകടസൂചനകൾ ഇന്നുതന്നെ നമ്മുടെ ചുറ്റുപാടുകളിൽ പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടതാണെന്ന ‘വൺ ഹെൽത്ത്’ ആശയം ഇന്ന് ലോകം ഗൗരവമായി ചർച്ച ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ച് മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഈ ആശയത്തിന്റെ കാതൽ. 2018 ലെ പ്രളയവും തുടർന്ന് ഉണ്ടായ മഹാമാരികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചു.
കർഷകരെ പരിസ്ഥിതിയുടെ ശത്രുക്കളായി കാണുന്ന സമീപനം തെറ്റാണ്. യഥാർഥത്തിൽ കർഷകർ പ്രകൃതിയുടെ മിത്രങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികളെ ആശ്രയിക്കാതെ നമ്മുടെ സംസ്ഥാനത്തിനകത്തുതന്നെ ഭക്ഷ്യവിളകൾ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. കുട്ടികളിൽ ചെറുപ്പം മുതൽ കാർഷിക സംസ്കാരവും പരിസ്ഥിതി ബോധവും വളർത്തേണ്ടത് അനിവാര്യമാണ്. നമുക്ക് ഭക്ഷണം നൽകുന്ന കർഷകരെ മാതാപിതാക്കളെപ്പോലെ ആദരിക്കാൻ കുട്ടികൾ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം ഒരു സർക്കാർ പരിപാടി മാത്രമല്ല, അത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കാലാവസ്ഥാ വ്യതിയാനം നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് വരാനിരിക്കുന്ന വലിയ ദുരന്തങ്ങളെ തടയാൻ എല്ലാവരും കൈകോർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പിൽ മാവിൻ തൈയും പച്ചക്കറി തൈയും മുഖ്യമന്ത്രി നട്ടു. കുട്ടികർഷകരേയും മുഖ്യമന്ത്രി ആദരിച്ചു.
പരിസ്ഥിതി സംരക്ഷണം ഇന്നത്തെ തലമുറയ്ക്കും വരും തലമുറകൾക്കും വേണ്ടിയുള്ള ഉത്തരവാദിത്തമാണെന്ന് മുഖ്യപ്രഭാഷണത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ ആവശ്യത്തിനായി ഉപയോഗിക്കാമെങ്കിലും അവയുടെ അമിത ചൂഷണം ഭാവി തലമുറകളോടുള്ള അനീതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്കായി മന്ത്രി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനുമാണ് കതിര് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിച്ച് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. പുതുയുഗത്തിന്റെ കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ തുടക്കമാണ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കതിര് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. മുതിർന്ന കർഷകരെ ആദരിച്ച മന്ത്രി സ്കൂൾ വിദ്യാർഥികൾക്ക് ഫലവൃക്ഷതൈയും പച്ചക്കറ്റി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തു.
കാർഷിക സംസ്കാരത്തിന്റെ പ്രതിരൂപമായ കടമ്പൻ മൂത്താന്റേയും കർഷകന്റേയും വേഷമണിഞ്ഞെത്തിയവരാണ് കൃഷി പാട്ടിന്റെ അകമ്പടിയോടെ സെക്രട്ടേറിയേറ്റ് വളപ്പിലും തുടർന്ന് ദർബാർഹാളിലുമായി നടന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേറ്റത്. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വിശിഷ്ടാതിഥിയായി. കാർഷികോൽപ്പാദന കമ്മീഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടിങ്കു ബിസ്വാൾ, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, അഡീഷണൽ ഡയറക്ടർ സപ്ന തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും സ്കൂൾ വിദ്യാർഥികളും പരിപാടിയിൽ സന്നിഹിതരായി.
